ഇംഫാല്‍: കലാപം ആളിക്കത്തുന്ന മണിപ്പൂരിലേക്ക് 10,000 സൈനികരെ കൂടി കേന്ദ്രസർക്കാർ അയക്കുമെന്ന് മണിപ്പുര്‍ സുരക്ഷാ ഉപദേഷ്ടാവ്. 90 കമ്പനി പട്ടാളങ്ങളെയാണ് പുതുതായി അയക്കുന്നത്. 10,800 കേന്ദ്ര സേനാംഗങ്ങള്‍ കൂടി എത്തിച്ചേരുന്നതോടെ മണിപ്പൂരില്‍ വിന്യസിച്ചിരിക്കുന്ന കമ്പനികളുടെ എണ്ണം 288 ആവുമെന്ന് മണിപ്പുര്‍ സുരക്ഷാ ഉപദേഷ്ടാവ് കുല്‍ദീപ് സിങ് വ്യക്തമാക്കി.
“കലാപം ആരംഭിച്ച 2023 മേയ് മുതല്‍ ഇതുവരെ സംസ്ഥാനത്ത് 258 പേര്‍ മരിച്ചു. ജനങ്ങളുടെ ജീവനും സ്വത്തും സംരംക്ഷിക്കുന്നതിനും ദുര്‍ബ്ബല പ്രദേശങ്ങളുടെ നിരീക്ഷണത്തിനുമാണ് സേനയെ അയയ്ക്കുന്നത്. എല്ലാ പ്രദേശങ്ങളിലേക്കും നിരീക്ഷണം ദിവസങ്ങള്‍ക്കുള്ളില്‍ വ്യാപിക്കും. എല്ലാ ജില്ലയിലും പുതിയ കോ-ഓര്‍ഡിനേഷന്‍ സെല്ലുകളും ജോയിന്റ് കണ്‍ട്രോള്‍ റൂമുകളും നിലവിൽ വരും. ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നവയുടെ അവലോകനം നടത്തിയിട്ടുണ്ട്.പോലീസിന്റെ ആയുധപ്പുരകളില്‍ നിന്ന് കൊള്ളയടിച്ച മൂവായിരത്തോളം ആയുധങ്ങള്‍ സുരക്ഷാ സേന ഇതുവരെ കണ്ടെടുത്തിട്ടുണ്ട് .”- കുല്‍ദീപ് സിംഗ് മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിച്ചു

