കോഴിക്കോട് : താമരശ്ശേരിയില്‍ യുവതിയെ നഗ്നപൂജയ്ക്ക് നിർബന്ധിച്ച് ഉപദ്രവിച്ച കേസില്‍ കൂടുതല്‍ വിവരങ്ങൾ പുറത്ത്. ഭര്‍ത്താവിന്റെ ശരീരത്തില്‍ ബ്രഹ്‌മരക്ഷസ് ഉണ്ടെന്ന് പറഞ്ഞാണ് ഭര്‍ത്താവിന്റെ സുഹൃത്തായ പ്രകാശന്‍ തന്നെ നഗ്നപൂജയ്ക്ക് നിര്‍ബന്ധിച്ചതെന്നും ഭര്‍ത്താവും ഇതിന് കൂട്ട്നിന്ന് തന്നെ നിരന്തരം ഉപദ്രവിച്ചെന്നും യുവതി വെളിപ്പെടുത്തി. കേസിൽ ഭര്‍ത്താവ് അടിവാരം വാഴയില്‍ വീട്ടില്‍ വി. ഷെമീര്‍(34), ഇയാളുടെ സുഹൃത്ത് അടിവാരം മേലെപൊട്ടിക്കൈ പി.കെ. പ്രകാശന്‍(46) എന്നിവരെ താമരശ്ശേരി പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
കുടുംബത്തില്‍ പ്രശ്‌നമില്ലേ, അത് പരിഹരിക്കാം എന്നുപറഞ്ഞാണ് പ്രകാശന്‍ വീട്ടിലെത്തിയത്. ആദ്യം പുട്ടുകുടത്തില്‍ പൊടി കലക്കി ചുവപ്പ് നിറത്തിലാക്കി. ഇത് യുവതിയുടെ ശരീരത്തിൽ ബാധ ഉള്ളത് കൊണ്ടാണെന്ന് പറഞ്ഞ ഇയാൾ പുട്ടുകുടം പിന്നീട് തോട്ടില്‍ കൊണ്ടുപോയി ഒഴുക്കുകയും രാത്രി പ്രത്യേക പൂജ വേണമെന്ന് നിർദ്ദേശിക്കുകയുമായിരുന്നു. പിന്നീട് യുവതിയെ ഫോണിൽ വിളിച്ച പ്രകാശന്‍, ഒറ്റയ്ക്ക് സംസാരിക്കണമെന്നും ആളൊഴിഞ്ഞിടത്തേക്ക് മാറിനിന്ന് സംസാരിക്കണമെന്നും പറഞ്ഞു. കുഴപ്പമില്ലെന്നും സംസാരിക്കാമെന്നും പറഞ്ഞതോടെയാണ് പ്രകാശന്‍ നഗ്നപൂജ ചെയ്യണമെന്ന് പറഞ്ഞത്.
എന്താണ് നഗ്നപൂജയെന്ന് ചോദിച്ചപ്പോള്‍ ഭര്‍ത്താവിന്റെ ശരീരത്തില്‍ ബ്രഹ്‌മരക്ഷസ് ഉണ്ടെന്നും അത് ഒഴിവാക്കാന്‍ ശരീരത്തില്‍ ‘ഉഴിഞ്ഞ് പോക്കണ’മെന്നുമായിരുന്നു മറുപടി. എന്നാല്‍, ബാധകയറിയത് ഭര്‍ത്താവിന്റെ ശരീരത്തില്‍ അല്ലേയെന്നും എന്തിനാണ് തന്റെ ശരീരത്തില്‍ പൂജ നടത്തുന്നതെന്നും ചോദിച്ചപ്പോള്‍ അങ്ങനെ പറഞ്ഞാലേ ഭര്‍ത്താവ് പൂജയ്ക്ക് സമ്മതിക്കൂ എന്നായിരുന്നു മറുപടി. വിസമ്മതിച്ചതോടെ ഭര്‍ത്താവ് നിരന്തരം ഉപദ്രവിച്ചെന്നും യുവതി വെളിപ്പെടുത്തി.

