അച്ചടക്ക ലംഘനത്തിന് നടപടിയെടുക്കുമെന്ന കെപിസിസി മുന്നറിയിപ്പിന് പിന്നാലെ ആര്യാടൻ ഷൗക്കത്ത് നടത്തുന്ന മലപ്പുറത്തെ പാലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ നിന്ന് കൂടുതൽ നേതാക്കൾ പിന്മാറി. എന്നാൽ പ്രധാന നേതാക്കൾ വന്നില്ലെങ്കിലും പരിപാടി നടക്കുമെന്ന നിലപാടാണ് ആര്യാടൻ ഫൗണ്ടേഷൻ സ്വീകരിച്ചിരിക്കുന്നത്. ഐക്യദാർഢ്യ പരിപാടിയിൽ നിന്ന് പിന്മാറുന്നില്ലെന്ന് ആര്യാടൻ ഷൗക്കത്ത് ഇന്നലെ വ്യക്തമാക്കിയിരുന്നു.ഐക്യദാർഢ്യം വിഭാഗീയ പ്രവർത്തനമല്ലെന്നും താക്കീത് നൽകിക്കൊണ്ടുള്ള കെപിസിസി നിർദ്ദേശം ലഭിച്ചിട്ടില്ലെന്നും കത്ത് കിട്ടിയാൽ മറുപടി നൽകുമെന്നും ആര്യാടൻ ഫൗണ്ടേഷന്റെ പേരിലിറക്കിയ വാർത്താക്കുറിപ്പിലൂടെയാണ് ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കിയത്.
പാലസ്തീൻ ഐക്യദാർഢ്യ സമ്മേളനം നടത്തരുതെന്ന് ആര്യാടൻ ഷൗക്കത്തിന് കെസിപിപി നേതൃത്വം മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് അവഗണിച്ച് സമ്മേളന നടപടികളുമായി മുന്നോട്ടു പോയാൽ അച്ചടക്ക നടപടികൾ സ്വീകരിക്കാൻ കെപിസിസി നേതൃത്വം നിർബന്ധിതരായേക്കും. ആര്യാടൻ ഷൗക്കത്ത് നടത്തുന്നത് പാർട്ടിയെ വെല്ലുവിളിച്ചു കൊണ്ടുള്ള പരിപാടിയാണെന്നും കോൺഗ്രസ് പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു. പാർട്ടി തിരിച്ചുവരവിന് ശ്രമിക്കുമ്പോൾ ഇത്തരത്തിലുള്ള ഒരു വിഭാഗീയതയും അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് പാർട്ടി.
ഫലസ്തീൻ ഐക്യദാർഢ്യ റാലിയെ വിഭാഗീയതക്കുള്ള മറയായി അവതരിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്തിരിയണം. അതിനാൽ സമാന്തര പരിപാടിയിൽ നിന്ന് പിന്തിരിയണം. സംഘടന നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് വിഭാഗീയ പ്രവർത്തനം നടത്തിയാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കെപിസിസി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഈ മുന്നറിയിപ്പ് തള്ളുകയാണ് ആര്യാടൻ ഷൗക്കത്ത്.

