Saturday, December 20, 2025

കോവിഡ് വ്യാപനം: ശബരിമലയിൽ നിയന്ത്രണം; 16 മുതല്‍ ബുക്ക് ചെയ്തവരോട് ദര്‍ശനം മാറ്റിവെയ്ക്കാന്‍ ആവശ്യപ്പെടും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ശബരിമലയില്‍ നിയന്ത്രണം ഏർപ്പെടുത്തും. ഈ മാസം 16 മുതല്‍ നേരത്തെ ഓണ്‍ലൈന്‍ ബുക്കിംഗ് ചെയ്തവര്‍ക്ക് ദര്‍ശനം മാറ്റി വെയ്ക്കാന്‍ അഭ്യര്‍ഥിച്ച് സന്ദേശം അയക്കാന്‍ ബന്ധപ്പെട്ട വകുപ്പിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. മാത്രമല്ല പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണം ചര്‍ച്ചയിലൂടെ നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു.

അതേസമയം സംസ്ഥാനത്ത് വീണ്ടും സ്‌കൂളുകള്‍ അടച്ചിടും. മുഖ്യമന്ത്രി പിണറായി വിജയന്റെ കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഈ മാസം 21ന് ശേഷം ഒമ്പതാം ക്ലാസ് വരേയുള്ള കുട്ടികൾക്ക് സ്കൂൾ ഉണ്ടായിരിക്കുന്നതല്ല. ഓൺലൈൻ വഴിയായിരിക്കും പഠനം.

പത്താം ക്ലാസ് മുതൽ പ്ലസ് ടു വരേയുള്ള ക്ലാസ്സുകൾക്ക് മാറ്റം ഉണ്ടായിരിക്കില്ല. കോവിഡ് വ്യാപനം കണക്കിലെടുത്താണ് സ്കൂൾ അടച്ചിടാൻ സർക്കാർ വീണ്ടും തീരുമാനിച്ചിരിക്കുന്നത്. ഇത് തുടരണമോയെന്ന് ഫെബ്രുവരി രണ്ടാം വാരം പരിശോധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ രണ്ടാഴ്ചവരെ അടച്ചിടാൻ പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർക്ക് അധികാരം നല്‍കാനും യോഗത്തില്‍ തീരുമാനമായി.

മാത്രമല്ല കേരളത്തില്‍ ഇന്ന് 16,338 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 2 ജില്ലകളിൽ 3000 രോഗികൾ. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് വ്യാപനം ഏറ്റവും അധികമുള്ളത്. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 545. രോഗമുക്തി നേടിയവര്‍ 3848. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,971 സാമ്പിളുകള്‍ പരിശോധിച്ചു. ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍.

തിരുവനന്തപുരം 3556, എറണാകുളം 3198, കോഴിക്കോട് 1567, തൃശൂര്‍ 1389, കോട്ടയം 1103, കൊല്ലം 892, കണ്ണൂര്‍ 787, പത്തനംതിട്ട 774, മലപ്പുറം 708, പാലക്കാട് 703, ആലപ്പുഴ 588, ഇടുക്കി 462, കാസര്‍ഗോഡ് 371, വയനാട് 240 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Related Articles

Latest Articles