തിരുവനന്തപുരം: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളോട് പിണറായി വിജയൻ സർക്കാരിന്റെ സ്നേഹം പ്രകടമാക്കുന്ന കണക്കുകൾ പുറത്ത്. ആയിരക്കണക്കിന് ദിവസങ്ങളാണ് ഹൈക്കോടതി വിധി മറികടന്ന് പ്രതികൾക്ക് പരോൾ നൽകിയിരിക്കുന്നത്. നിയമസഭയിൽ കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രി കണക്കുകൾ സഹിതം മറുപടി പറഞ്ഞത്. നേരത്തെ ഇതിൽ ചില പ്രതികൾക്ക് ശിക്ഷയിളവ് നൽകാനുള്ള ശ്രമം സർക്കാർ നടത്തിയിരുന്നു. പ്രതിഷേധങ്ങളെ തുടർന്ന് സർക്കാർ ഈ നീക്കത്തിൽ നിന്ന് പിന്മാറുകയായിരുന്നു.
കോടി സുനിയ്ക്ക് 60 ദിവസമാണ് പരോൾ നൽകിയത്. റഫീഖ് 782 ദിവസം, ട്രൗസർ മനോജ് 1068 ദിവസം, ടി കെ രജീഷ് 940 ദിവസം, കിർമാണി മനോജ് 851 ദിവസം, എം സി അനൂപ് 900 ദിവസം, സജിത്ത് 1078 ദിവസം, മുഹമ്മദ് ഷാഫി 656 ദിവസം, കെ സി രാമചന്ദ്രൻ 1081 ദിവസം, ഷിനോജ് 925 ദിവസം എന്നിങ്ങനെയാണ് പരോൾ നൽകിയത്. ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ജയിലിനുള്ളിൽ ചട്ടവിരുദ്ധമായ സൗകര്യങ്ങൾ നൽകിയത് നേരത്തെ വിവാദമായിരുന്നു.
അനധികൃതമായി പ്രതികൾക്ക് പരോൾ നൽകുന്നതിനെതിരെ കെ കെ രമ എം എൽ എ രംഗത്ത് വന്നു. പ്രതികൾ സിപിഎം നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുകൾ നടത്തുമോ എന്ന ഭയം നേതാക്കൾക്കുണ്ടെന്നും അതുകാരണമാണ് പ്രതികളെ സർക്കാർ ചേർത്തു പിടിക്കുന്നതെന്നും അവർ ആരോപിച്ചു. വിഷയം ഉന്നയിച്ച് ഉടൻതന്നെ കോടതിയെ സമീപിക്കുമെന്നും കെ കെ രമ കൂട്ടിച്ചേർത്തു.

