Monday, December 15, 2025

ബലൂചിസ്ഥാനിൽ പാകിസ്ഥാന്റെ തന്ത്രം പാളി ? 30 ലധികം പാക് സൈനികർ കൊല്ലപ്പെട്ടതായി സൂചന; സൈനിക നടപടി നിർത്തിയില്ലെങ്കിൽ എല്ലാ ബന്ദികളെയും കൊല്ലുമെന്ന് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി

ഇസ്ലാമബാദ്: ബലൂചിസ്ഥാൻ ലിബറേഷൻ ആർമി നടത്തിയ ട്രെയിൻ ആക്രമണത്തിനെതിരെ പാകിസ്ഥാൻ സൈനിക നടപടി പാളിയതായി സൂചന. പാകിസ്ഥാൻ സൈന്യത്തിന് വലിയ ആൾ നാശം ഉണ്ടായതായി റിപ്പോർട്ട്. 30 ലധികം പാക് സൈനികരെ കൊന്നതായി ബി എൽ എ അവകാശപ്പെടുന്നുണ്ട്. അതേസമയം 16 വിമതരെ വധിച്ചതായും നൂറിലധികം ബന്ദികളെ മോചിപ്പിച്ചതായും പാക് സൈന്യവും അവകാശപ്പെടുന്നുണ്ട്. മധ്യസ്ഥതയ്ക്ക് ശ്രമിക്കാതെ പാകിസ്ഥാൻ നേരിട്ട് സൈനിക നടപടികളിലേക്ക് കടക്കുകയായിരുന്നു.

ഇന്നലെയാണ് അഞ്ഞൂറിലധികം യാത്രക്കാരുമായി പാകിസ്ഥാന്റെ ക്വെറ്റയിൽ നിന്ന് പെഷവാറിലേയ്ക്ക് പോകുകയായിരുന്ന ജാഫർ എക്സ്പ്രെസ്സിന് നേരെ ആക്രമണം ഉണ്ടായത്. ട്രെയിനിന് നേരെ നടന്ന വെടിവയ്പ്പിൽ ലോക്കോ പൈലറ്റ് മരിച്ചതിനെ തുടർന്ന് ട്രെയിൻ നിൽക്കുകയായിരുന്നു. നൂറുകണക്കിന് യാത്രക്കാരെ ബി എൽ എ പിന്നീട് ബന്ദികളാക്കി. ബലൂചിസ്ഥാനിൽ നിന്നുള്ള രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക. ബലൂചിസ്ഥാനിൽ നിന്ന് കാണാതായ, പാകിസ്ഥാൻ സൈന്യത്തിന്റെ കസ്റ്റഡിയിലുള്ള യുവാക്കളെ വിട്ടയയ്ക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബി എൽ എ ഉന്നയിച്ചത്.

അതേസമയം സൈനിക നടപടി ഉടൻ നിർത്തിയില്ലെങ്കിൽ എല്ലാ ബന്ദികളെയും വധിക്കുമെന്നും ട്രെയിൻ പൂർണ്ണമായി നശിപ്പിക്കുമെന്നും ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ഭീഷണി മുഴക്കി. പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആക്രമണത്തെ അപലപിച്ചു. ആക്രമണത്തിന് പിന്നാലെ ബലൂചിസ്ഥാൻ പ്രവിശ്യാ സർക്കാർ സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. നേരത്തെ പ്രദേശത്ത് ആക്രമണ സാധ്യതയുള്ളതായി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശവും നൽകിയിരുന്നു.

Related Articles

Latest Articles