Tuesday, December 23, 2025

വയനാട്ടിൽ 82 ക്യാമ്പുകളിലായി മാറ്റിയത് എണ്ണായിരത്തിലധികം പേരെ ! സൈന്യം നിർമ്മിച്ച താത്കാലിക പാലത്തിലൂടെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറിയത് ആയിരത്തോളം പേർ

മേപ്പാടി : ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടിലെ വിവിധ പ്രദേശങ്ങളിലെ 82 ദുരിതാശ്വാസ ക്യാമ്പുകളിലായി 8107 പേരെ മാറ്റിപാര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിരവധിപ്പേരെ ഇനിയും ഇങ്ങോട്ടേക്ക് എത്തിക്കുന്നുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് ഓരോ ക്യാമ്പിന്റേയും നടത്തിപ്പ് ചുമതലയും നല്‍കിയിട്ടുണ്ട്. കുട്ടികളും ഗര്‍ഭിണികളും ഉള്‍പ്പെടെയുള്ളവർ ക്യാമ്പിലുണ്ട്. ഭക്ഷണവും മരുന്നും ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

മേപ്പാടി മേഖലയിൽ മാത്രം എട്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി ആയിരത്തിലധികം പേരാണുള്ളത്. മേപ്പാടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍, കോട്ടനാട് സ്‌കൂള്‍, സെന്റ് ജോസഫ് സ്‌കൂള്‍, സെന്റ് ജോസഫ് സ്‌കൂള്‍ യുപി, നെല്ലിമുണ്ട അമ്പലം ഹാള്‍, തൃക്കൈപ്പറ്റ ജി.എച്ച്.എസ്, കാപ്പംകൊല്ലി അരോമ ഇന്‍, മൗണ്ട് ടാബോര്‍ സ്‌കൂള്‍ എന്നിവയാണ് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍.

അതേസമയം രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സൈന്യവും എന്‍ഡിആര്‍എഫും കോസ്റ്റ് ഗാര്‍ഡുമുള്‍പ്പെടെ ദുരന്തസ്ഥലത്തുണ്ട്. കഴിഞ്ഞ ദിവസം നിര്‍മിച്ച താത്കാലിക പാലത്തിലൂടെ രക്ഷപ്പെടുത്തിയത് ആയിരത്തോളം പേരെയാണെന്ന് സൈന്യം അറിയിച്ചു. അതേസമയം ദുരന്തത്തില്‍ മരണ സംഖ്യ 205 ആയി.

Related Articles

Latest Articles