മോദി മൂന്നാം വട്ടവും അധികാരത്തില്‍ ഏറുമ്പോള്‍ ആ സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് ഇല്ലെന്നാണ് ഇന്‍ഡി സഖ്യ നേതാവായ രാഹുല്‍ഗാന്ധിയുടെ നിലപാട്. പകരം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ പോകും. ഇതൊക്കെ കണ്ടു നില്‍ക്കാനുള്ള ശക്തി ഇല്ലാത്ത ഇളം മനകസ്സാണല്ലോ കോണ്‍ഗ്രസിനെ യുവരാജാവിനുള്ളത്. പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വിജയം നേടിയതോടെ പ്രതിപക്ഷ നേതാവാകാന്‍ കുപ്പായം തയ്യാറാക്കി കാത്തിരിക്കുകയാണ് രാഹുല്‍. അതിന് ഇനി ഏറെ താമസമില്ല, കോണ്‍ഗ്രസിലെ അടിമ എംപികള്‍ അമ്മയെ പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്സണായും മകനെ പ്രതിപക്ഷ നേതാവായും തെരഞ്ഞെടുത്തിരിക്കുകയാണ്. കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം വേണ്ടെന്നു വച്ചു് ആദര്‍ശാധിഷഠിതമായി മാറി നിന്നെന്നു കരുതിയിരുന്ന യുവരാജാവിന്റെ പാര്‍ലമെന്റിലെ കിരീടധാരണമാണ് ഈ പദവിയിലൂടെ നടത്തുന്നത്.
കോണ്‍ഗ്രസ് പാര്‍ട്ടി്ക്ക് ആ കുടുംബത്തോടുള്ള വിധേയത്വം ഇനിയും മാറിയിട്ടില്ലെന്നു വീണ്ടും വീണ്ടും തെളിയുകയാണ്. പ്രധാനപ്പെട്ട സ്ഥാനങ്ങള്‍ എല്ലാം ഈ കുടുംബക്കാര്‍ക്ക് കോണ്‍ഗ്രസ് അടിയറവച്ചിരിക്കുന്നു. പാര്‍ട്ടിക്ക് എവിടെയെങ്കിലും അധികാരം കിട്ടുമ്പോള്‍ ഇപ്പോള്‍ നഹീ നഹീ പറയുന്ന മകളും എത്തും താക്കോല്‍ സ്ഥാനത്ത്. അധികാരം ഇല്ലാതെ പ്രതിപക്ഷത്തിരിക്കാന്‍ ഇല്ലെന്നായിരിക്കാം പ്രിയങ്കാ വധേരയുടെ മനസ്സിലിരുപ്പ്. ഏതായാലും അടുത്ത കാലത്തെങ്ങും കോണ്‍ഗ്രസിന് അധികാരം ലഭിക്കുന്ന ലക്ഷണമൊന്നും കാണുന്നില്ല, ഈ തെരഞ്ഞെടുപ്പിലെ പ്രതീക്ഷകളൊക്കെ തകരാന്‍ ആറുമാസം പോലും തികയേണ്ടി വരില്ലെന്നാണ് രാഷ്ട്രീയമറിയാവുന്നവരുടെ വിലയിരുത്തല്‍.
സോണിയ പാര്‍ലമെന്ററി കക്ഷി നേതാവ് രാഹുല്‍ പ്രതിപക്ഷ നേതാവും ആകുന്നതില്‍ എന്താണ് തെററ് .. അങ്ങനെ ആയിക്കൂടേ എന്നു ചോദിക്കുന്നവരോടാണ്. നിങ്ങളുടെ ചോദ്യം ശരിയായിരിക്കാം, പക്ഷേ ഉത്തരം തെറ്റും. പത്തു വര്‍ഷങ്ങള്‍ക്കു ശേഷം മൂന്നക്കത്തിന് അടുത്തെത്തിയ പ്രകടനം നടത്തിയിട്ട് അതില്‍ ഒരേ കുടുംബത്തില്‍ നിന്നുള്ളവരേ കൊള്ളാവുന്ന പോസ്റ്റിലേയ്ക്കു പരിഗണിക്കാന്‍ ഉണ്ടായിരുന്നുള്ളൂ എന്ന് ജയിച്ചു വന്നവ ഓരോ എംപിയും സ്വയം ചോദിക്കേണ്ടതാണ് . നെഹ്‌റു കുടുംബാധിപത്യം നിലനില്‍ക്കുന്ന അടിമപ്പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് വീണ്ടും വീണ്ടും ഈ സേവകര്‍ തെളിയിച്ചു കൊണ്ടിരിക്കുന്നു.
രണ്ടാം എന്‍ഡിഎ മന്ത്രിസഭയില്‍ അധിര്‍ രഞ്ജന്‍ ചൗധരിയായിരുന്നു കോണ്‍ഗ്രസിന്റെകക്ഷി നേതാവ്. പ്രതിപക്ഷ നേതൃസ്ഥാനത്ത് ആരുമുണ്ടായിരുന്നില്ല. പ്രതിപക്ഷത്തിന്റെ ഏക ക്യാബനറ്റ് പ്രതീക്ഷയായ പ്രതിപക്ഷ നേതൃസ്ഥാനവും പാര്‍ട്ടിയെ തേടിയെത്തിയപ്പോള്‍ താലത്തില്‍ വച്ച് നെഹ്രു പിന്‍തലമുറക്കാരന് നീട്ടുകയാണ് ഉണ്ടായത്. കുടുംബാധിപത്യമില്ല, എന്ന് തെളിയിക്കാന്‍ പെടാപ്പാടു പെടുമ്പോഴാണ് കോണ്‍ഗ്രസുകാരുടെ ഈ നടപടി. കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് കര്‍ണാടകക്കാരന്‍ മല്ലികാര്‍ജുന ഖാര്‍ഗേ എത്തിയതു തന്നെ വിശിഷ്ട കുടുബത്തിന്റെ വിശ്വസ്തന്‍ എന്ന യോഗ്യതയിലാണ്. ആ വിശ്വസ്തത പിന്നീട് ഉടനീളം അദ്ദേഹം പുലര്‍ത്തുന്നുണ്ട്. പ്രചാരണത്തിലാവട്ടെ , പാര്‍ട്ടിപ്രവര്‍ത്തനത്തിലാവട്ട ഖാര്‍ഗെയുടെ ശരീരഭാഷ ഒരു സേവകന്റേതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല. അമ്മയേയും മകനേയും ഒരു സ്ഥാനത്ത് എത്തിച്ചതിന്റെ സമാധാനം ഇപ്പോള്‍ ആ മുഖത്തുണ്ടാവുമെന്ന് തീര്‍ച്ച. മറിച്ചൊരു ചിന്തകൂടിയുണ്ട്, ഇനി ഒരു വേള കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ പോലെ കോണ്‍ഗ്രസിന് സീറ്റു കുറയുകയും സഭയില്‍ പ്രതിപക്ഷ സ്ഥാനം ഇല്ലാതിരിക്കുകയും ആയിരുന്നു സ്ഥിതിയെങ്കില്‍ നമ്മുടെ കൊടിക്കുന്നിലിന്റേയും വേണുഗോപാലിന്റെയുമൊക്കെ മനസ്സിലും ലഡ്ഡു പൊട്ടിയേനേം
ഖാര്‍ഗെയുടെ മനോഭാവമാണ് ഒരു ശരാശരി കോണ്‍ഗ്രസ് നേതാവിന്റേത്.ആരൊക്കെ പാര്‍ട്ടി നേതൃത്വത്തിലും ഭാരവാഹി സ്ഥാനത്തുമുണ്ടെങ്കിലും ഹൈക്കമാന്‍ഡ് എന്നു പറഞ്ഞാല്‍ ഒറ്റ അര്‍ത്ഥമേയുള്ളൂ… ആ വീട്ടിലേയ്ക്കാണ് ഒഴുക്ക്…..ആ കാല്‍ക്കലാണ് ശരണം. ഇക്കാര്യത്തില്‍ ഇന്‍ഡി മുന്നണിയിലെ കോണ്‍ഗ്രസുകാരെ മാത്രം പറയേണ്ട, ബാക്കിയുള്ളവരും കുടുംബപ്പാര്‍ട്ടി ആധിപത്യത്തില്‍ വിശ്വസിക്കുന്നവരാണ്. തമിഴ് നാട്ടില്‍ കരുണാനിധി കുടുംബം, മഹാരാഷ്ട്രയില്‍ പാവാര്‍ കുടുംബം ബീഹാറില്‍ ലാലു കുടുംബം യു പി യില്‍ മുലായം കുടുംബം ഡല്‍ഹിയില്‍ എത്തിയാല്‍ സോണിയ കുടുംബം ഇവരോടൊക്കെ ചേര്‍ന്ന് നില്‍ക്കാന്‍ കഴിയുന്ന ഒരു കുടുംബം കേരളത്തിലുമുണ്ട്… നമ്മുടെ ജനാധിപത്യത്തില്‍ കുടുംബാധിപത്യം തുടരുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല ?

