മോട്ടോർ വാഹനവകുപ്പിന് വീണ്ടും വീഴ്ച. വാഹനാപകടത്തില്‍ പരിക്കേറ്റ് എട്ടുമാസമായി വീട്ടില്‍ കഴിയുന്ന ആള്‍ക്ക് പിഴയിട്ടു. ഹെല്‍മറ്റ് ധരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പിഴയിട്ടത്. പാലോട് പെരിങ്ങമല സ്വദേശി അനില്‍കുമാറിനാണ് പിഴ സന്ദേശമെത്തിയത്. അഞ്ഞൂറു രൂപ അടയ്ക്കണമെന്നാണ് നിർദ്ദേശം.
വാഹനാപകടത്തില്‍ തുടയെല്ല് പൊട്ടി എട്ടുമാസമായി ചികിത്സയില്‍ കഴിഞ്ഞുവരികയാണ് അനില്‍കുമാര്‍. പിഴ സന്ദേശത്തില്‍ കാണിക്കുന്ന ചിത്രത്തിലുള്ള വാഹനം അനില്‍കുമാറിന്റെ അല്ല. സ്‌കൂട്ടറില്‍ രണ്ടു പേര്‍ സഞ്ചരിക്കുന്ന ചിത്രമാണ് പിഴ സന്ദേശത്തില്‍ ഉള്ളത്. എന്നാല്‍ അനില്‍കുമാറിന്റേത് ഹോണ്ട ബൈക്കാണ്. മാത്രവുമല്ല പത്തനംതിട്ട ഏനാത്ത് ഭാഗത്ത് കഴിഞ്ഞ ദിവസമാണ് എം വി ഡി നിയമലംഘനം കണ്ടെത്തിയത്. എന്നാൽ കഴിഞ്ഞ എട്ട് മാസമായി പിഴ സന്ദേശമെത്തിയ അനിൽ അപകടത്തെ തുടർന്ന് പുറത്തിറങ്ങാനാവാതെ കിടക്കുകയാണ്. സംഭവത്തില്‍ പരാതി നല്‍കുമെന്ന് അനില്‍ കുമാര്‍ പറയുന്നു.

