ദില്ലി: മുല്ലപ്പെരിയാർ കേസ് മാറ്റിവച്ചു. കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. ഈ മാസം 22ന് കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കും. കേസില്‍ തമിഴ്നാട് നല്‍കിയ സത്യവാങ്മൂലം വിലയിരുത്താന്‍ കൂടുതല്‍ സമയം വേണമെന്ന് കേരളം കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.
24 മണിക്കൂറിനുള്ളില്‍ കേരളത്തിന്റെ അഭിപ്രായങ്ങള്‍ അറിയിക്കുന്നതിനുള്ള വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേരളത്തിന് വേണ്ടി ഹാജരായ ജയദീപ് ഗുപ്ത കോടതിയെ അറിയിച്ചു. നവംബര്‍ 22-വരെ ഇടക്കാല സംവിധാനം തുടരുമെന്ന് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വിദഗ്ധ സമിതി അംഗീകരിച്ച റൂള്‍ കെര്‍വ് പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കണമെന്നാണ് കഴിഞ്ഞ തവണ ഇറക്കിയ ഇടക്കാല ഉത്തരവില്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നത്.
അതേസമയം ബേബി ഡാമിലെ മരംമുറിക്കാനുള്ള അനുമതി റദ്ദാക്കിയതിനെതിരെ തമിഴ്നാട് സുപ്രിംകോടതിയില്‍ നിലപാടെടുത്തു. മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് തമിഴ്നാടിന്റെ കുറ്റപ്പെടുത്തല്‍.

