Monday, December 15, 2025

തമിഴ്‌നാടിന്റെ വാദം തള്ളി ! മുല്ലപ്പെരിയാർ ഡാമിൽ സുരക്ഷാ പരിശോധന നടത്തണമെന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് മേല്‍നോട്ട സമിതി യോഗത്തിൽ തീരുമാനം

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വിശദമായ സുരക്ഷാപരിശോധന നടത്തണമെന്ന് കേന്ദ്ര ജലക്കമ്മിഷന്‍. 12 മാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കാന്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് മേല്‍നോട്ട സമിതിയുടെ ഇന്ന് ചേര്‍ന്ന യോഗം തീരുമാനം എടുത്തു. 2021-ലെ ഡാം സുരക്ഷ നിയമ പ്രകാരം സുരക്ഷാ പരിശോധന 2026-ല്‍ മാത്രം നടത്തിയാല്‍ മതിയെന്ന തമിഴ്‌നാടിന്റെ വാദം തള്ളിക്കൊണ്ടാണ് കമ്മിറ്റി ഈ തീരുമാനം എടുത്തത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മേല്‍നോട്ട സമിതിയുടെ പതിനെട്ടാമത് യോഗമാണ് ദില്ലിയിലെ കേന്ദ്ര ജലക്കമ്മിഷന്‍ ആസ്ഥാനത്ത് രാകേഷ് കശ്യപിന്റെ അദ്ധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്നത്.

സ്വതന്ത്ര വിദഗ്ധന്മാര്‍ ഉള്‍പ്പെടുന്ന സമിതി, കേരളം കൂടി നിര്‍ദേശിക്കുന്ന അജണ്ട കൂടി ഉള്‍പ്പെടുത്തി അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ, ഭൂകമ്പ പ്രതിരോധ സുരക്ഷ, പ്രളയ സുരക്ഷ, ഓപ്പറേഷണല്‍ സുരക്ഷ എന്നിവ പരിശോധിക്കും. ഇതിന്റെ ഭാഗമായി അണക്കെട്ടിലും മറ്റ് വിദഗ്ധ സ്ഥാപനങ്ങളിലും നടത്തുന്ന പരീക്ഷണ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനം കൈക്കൊള്ളും.

യോഗത്തില്‍ കൈക്കൊണ്ട മറ്റ് പ്രധാന തീരുമാനങ്ങള്‍ താഴെ കൊടുക്കുന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അടിയന്തിര കര്‍മ്മ പദ്ധതി (Emergency Action Plan) പുതുക്കിയ ഡാം ബ്രേക്ക് അനാലിസിന്റെ അടിസ്ഥാനത്തില്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ മേല്‍നോട്ട സമിതി തമിഴ്‌നാടിന് നിര്‍ദേശം നല്‍കി.

സുപ്രീ കോടതി നിര്‍ദേശ പ്രകാരം അണക്കെട്ടില്‍ തമിഴ്‌നാട് നടത്തേണ്ട അറ്റകുറ്റപ്പണികള്‍ക്ക്, മേല്‍ പ്രസ്താവിച്ച കാര്യങ്ങളുടെ പുരോഗതിക്ക് അനുസൃതമായി വേണ്ട അനുമതിക്കുള്ള അപേക്ഷകള്‍ സമയബന്ധിതമായി പരിശോധിച്ച് തീരുമാനമെടുക്കാന്‍ കേരളത്തോട് സമിതി നിര്‍ദ്ദേശിച്ചു.

കേരളത്തിന്റെ പ്രതിനിധീകരിച്ച് ഡോ: ബി. അശോക് (പ്രിന്‍സിപ്പല്‍ സെക്രട്ടറി), പ്രീയേഷ് ആര്‍. (ചീഫ് എന്‍ജിനീയര്‍ അന്തര്‍സംസ്ഥാന നദീജലം ) എന്നിവരും തമിഴ്‌നാടിനെ പ്രതിനിധികരിച്ച് ഡോ: കെ. മണിവാസന്‍ (അഡീഷണല്‍ ചീഫ് സെക്രട്ടറി), ആര്‍. സുബ്രമണ്യന്‍ (ചെയര്‍മാന്‍ കാവേരി ടെക്‌നിക്കല്‍ സെല്‍) എന്നിവരും പങ്കെടുത്തു.

Related Articles

Latest Articles