Friday, December 12, 2025

മുംബൈ വ്യാജ ബോംബ് ഭീഷണി !! പ്രതിയായ 51 കാരൻ അറസ്റ്റിൽ ; കടുംകൈയ്ക്ക് മുതിർന്നത് മുൻ സുഹൃത്തിനോട് പ്രതികാരം വീട്ടാൻ

മുംബൈ: നഗരത്തെ ഭീതിയിലാഴ്ത്തിയ വ്യാജ ബോംബ് ഭീഷണി സന്ദേശത്തിന് പിന്നിൽ പാറ്റ്‌ന സ്വദേശിയായ 51-കാരനെന്ന് പോലീസ്. തന്റെ മുൻ സുഹൃത്തിനോട് പ്രതികാരം ചെയ്യാനാണ് മുംബൈ പോലീസിന് വ്യാജ ഭീഷണി സന്ദേശമയച്ചത്. നോയിഡയിൽ നിന്ന് പ്രത്യേക ദൗത്യ സംഘം ഇയാളെ അറസ്റ്റ് ചെയ്തതോടെയാണ് നാടകീയമായ ഈ നീക്കങ്ങളുടെ ചുരുളഴിയുന്നത്.

കഴിഞ്ഞ അഞ്ചു വർഷമായി ഉത്തർപ്രദേശിലെ നോയിഡയിൽ താമസിച്ചുവരികയായിരുന്ന അശ്വിനി കുമാറും സുഹൃത്ത് ഫിറോസും തമ്മിലുള്ള തർക്കമാണ് ബോംബ് ഭീഷണിയിലേക്ക് നയിച്ചത്. 2023-ൽ പാറ്റ്നയിൽ വെച്ച് ഫിറോസ് തനിക്കെതിരെ കേസ് നൽകിയതിനെ തുടർന്ന് അശ്വിനി മൂന്ന് മാസത്തോളം ജയിലിൽ കിടന്നിരുന്നു. ഇതിനുള്ള പ്രതികാരമായി ഫിറോസിൻ്റെ പേരിൽ മുംബൈ ട്രാഫിക് പോലീസിൻ്റെ വാട്‌സ്ആപ്പ് ഹെൽപ്പ് ലൈൻ നമ്പറിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയക്കുകയായിരുന്നു അശ്വിനി.

സന്ദേശങ്ങൾ വന്നതിന് പിന്നാലെ മുംബൈ പോലീസ് യു.പി. നോയിഡ പോലീസിൻ്റെ സഹായം തേടി. സിസിടിവി ദൃശ്യങ്ങളും ഇന്റലിജൻസ് വിവരങ്ങളും വിശകലനം ചെയ്ത് അന്വേഷണ സംഘം പ്രതിയെ തിരിച്ചറിഞ്ഞു. തുടർന്ന്, നോയിഡയിലെ സെക്ടർ 79-ൽ വെച്ച് സ്വാറ്റ് (Special Weapons and Tactics) സംഘം അശ്വിനി കുമാറിനെ അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് ഏഴ് മൊബൈൽ ഫോണുകൾ, മൂന്ന് സിം കാർഡുകൾ, മറ്റ് ഡിജിറ്റൽ സ്റ്റോറേജ് ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു. പിന്നീട് പ്രതിയെ മുംബൈ പോലീസിന് കൈമാറി.

ഭാരതീയ ന്യായ സംഹിതയിലെ 351-ാം വകുപ്പിലെ ക്രിമിനൽ ഭീഷണി അടക്കമുള്ള കുറ്റങ്ങളാണ് അശ്വിനി കുമാറിനെതിരെ ചുമത്തിയിട്ടുള്ളത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.

ബോംബ് ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചതോടെ മുംബൈ നഗരവാസികൾക്ക് വലിയ ആശ്വാസമായി. എന്നിരുന്നാലും, ഗണേശ ചതുർത്ഥി ആഘോഷങ്ങളുടെ അവസാന ദിവസമായ ഇന്ന് മുംബൈ പോലീസ് നഗരത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്ര നടക്കുന്നതിനാൽ ഗതാഗതം നിയന്ത്രിക്കാനും തിരക്ക് ഒഴിവാക്കാനും എ.ഐ. സാങ്കേതികവിദ്യയുടെ സഹായം പോലീസ് തേടുന്നുണ്ട്. നഗരത്തിലുടനീളം പോലീസ് പട്രോളിങ് സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. ഓഗസ്റ്റ് 27-ന് ആരംഭിച്ച ഗണേശോത്സവം ഇപ്പോൾ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

Related Articles

Latest Articles