ദില്ലി : ജാർഖണ്ഡിൽ മുംബൈ-ഹൗറ ട്രെയിനിന്റെ പതിനെട്ടോളം കോച്ചുകൾ പാളം തെറ്റി. അപകടത്തിൽ രണ്ടുപേർ മരിച്ചു. ഇരുപതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ 3.45ഓടെയോടെയാണ് സംഭവം നടന്നത്.
ജംഷഡ്പൂരിൽ നിന്ന് 80 കിലോമീറ്റർ അകലെ ബരാബാംബു സ്‌റ്റേഷന് സമീപത്താണ് അപകടമുണ്ടായത്. 22 കോച്ചുകളുള്ള ഹൗറ-മുംബൈ മെയിലിലെ 18 കോച്ചുകളും പാളം തെറ്റുകയായിരുന്നു. ഇതിൽ 16 എണ്ണം പാസഞ്ചർ കോച്ചുകളാണ്. അപകടത്തിൽ പരിക്കേറ്റവരെ ചക്രധർപൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇതുവഴിയുള്ള നിരവധി ട്രെയിനുകൾ റദ്ദാക്കുകയും വഴിതിരിച്ച് വിടുകയും ചെയ്യുകയാണ്. അതേസമയം, അപകടമുണ്ടായ ട്രെയിനിന് സമീപത്ത് തന്നെ മറ്റൊരു ഗുഡ്‌സ് ട്രെയിനും പാളം തെറ്റിയതായി സൗത്ത് ഈസ്റ്റേൺ റെയിൽവേ വക്താവ് ഓം പ്രകാശ് ചരൺ അറിയിച്ചു. എന്നാൽ രണ്ട് അപകടങ്ങളും ഒരേസമയം സംഭവിച്ചതാണോ എന്ന കാര്യം വ്യക്തമായിട്ടില്ല. അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും റെയിൽവേ അധികൃതർ വ്യക്തമാക്കി.

