Monday, December 29, 2025

Murder-attempt-attack-Police-arrest

കൊല്ലം: കൊല്ലം ചവറയില്‍ വൃദ്ധമാതാവിനെ മകൻ ക്രൂരമായി മര്‍ദ്ദിച്ചു. 84 വയസുള്ള തെക്കുംഭാഗം സ്വദേശി ഓമനയെയാണ് മകൻ കടുത്ത ക്രൂരതയ്ക്കിരയാക്കിയത്. പണം ആവശ്യപ്പെട്ടാണ് മകനായ ഓമനക്കുട്ടന്‍ ഇവരെ മര്‍ദ്ദിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. തടയാന്‍ ശ്രമിച്ച സഹോദരനും പരുക്കേറ്റു.

അയല്‍വാസിയായ വിദ്യാര്‍ത്ഥി പകര്‍ത്തിയ ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് മനുഷ്യത്വത്തെ മരവിപ്പിക്കുന്ന ക്രൂരത നാടറിഞ്ഞത്. മദ്യലഹരിയിലാണ് ഓമനക്കുട്ടന്‍ അമ്മയെ മര്‍ദ്ദിച്ചത്. മുന്‍പും ഇയാള്‍ മദ്യപിച്ചെത്തി സമനരീതിയില്‍ അമ്മയെ മര്‍ദ്ദിച്ചിട്ടുണ്ടെന്നാണ് അയല്‍വാസികള്‍ പറയുന്നത്.

തല്ലു കൊണ്ട് താഴെ വീഴുന്നതും അമ്മയെ വലിച്ചിഴക്കുന്നതും അസഭ്യം പറയുന്നതുമെല്ലാം പുറത്തുവന്ന ദൃശ്യങ്ങളില്‍ ഉണ്ട്. വീഡിയോ പുറത്ത് വന്നതോടെ പോലീസ് ഓമനക്കുട്ടനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ മകനെതിരെ മൊഴി നല്‍കാന്‍ അമ്മ തയാറായിട്ടില്ല എന്നാണ് വിവരം. തന്നെ ആരും മര്‍ദ്ദിച്ചിട്ടില്ല വീണ് പരുക്കേറ്റതാണെന്നാണ് അമ്മ പറയുന്നത്.

നേരത്തെ ഇത്തരത്തില്‍ മര്‍ദ്ദനം ഉണ്ടായപ്പോള്‍ പരാതിപ്പെടാന്‍ ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍ അമ്മ മകനെ സംരക്ഷിച്ച്‌ ആ വീട്ടില്‍ തന്നെ കഴിയുകയാണ് ചെയ്തതെന്നും പഞ്ചായത്തംഗം മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Latest Articles