കൊച്ചി: കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം വിദ്യാര്‍ത്ഥിനിക്ക് കുത്തേറ്റ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളെ പിടികൂടിയതായി പൊലീസ്. ഇയാളെ തെളിവെടുപ്പിനായി സംഭവസ്ഥലത്തെത്തിക്കും. അതേസമയം, പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. കുത്തേറ്റ മുറിവുകള്‍ ആഴത്തില്‍ ഉള്ളതാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക് കാക്കനാട് ഇന്‍ഫോ പാര്‍ക്കിന് സമീപത്തെ കുസുമഗിരി എന്ന സ്ഥലത്ത് വെച്ചാണ് ഫാര്‍മസി കോഴ്‌സ് വിദ്യാര്‍ത്ഥിനിക്ക് കുത്തേറ്റത്. ബസ്സിറങ്ങി അടുത്തുള്ള ഡേ കെയര്‍ സെന്ററിലേക്ക് നടക്കുമ്പോഴായിരുന്നു ആക്രമണം. പടമുഗള്‍ സ്വദേശിയായ അമല്‍ ആണ് ആക്രമണം നടത്തിയത്. ബൈക്കില്‍ പിന്തുടര്‍ന്നെത്തി കുത്തിവീഴ്ത്തിയ ശേഷം അമല്‍ ഓടി രക്ഷപ്പെട്ടുകയായിരുന്നു. പ്രണയബന്ധം നിരസിച്ചതിനാണ് ആക്രമണമെന്നാണ് പൊലീസിന്റെ നിഗമനം.
കഴുത്തിലും നെഞ്ചിലും കൈയിലും വയറിലും കുത്തേറ്റിട്ടുണ്ട്. രക്ഷിക്കാന്‍ നോക്കിയ നാട്ടുകാരെയും അമല്‍ അക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തി. നാട്ടുകാര്‍ കല്ലെടുത്ത് എറിഞ്ഞതോടെ ഇയാള്‍ ബൈക്ക് ഉപേക്ഷിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.
കളമശേരി മെഡിക്കല്‍ കോളേജില്‍ അബോധാവസ്ഥയില്‍ എത്തിച്ച യുവതിയെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസവും അമല്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നതായി യുവതി വീട്ടുകാരോട് പറഞ്ഞിരുന്നു.

