കൊൽക്കത്ത: പശ്ചിമബംഗാളിൽ ഹിന്ദുക്കളുടെ സ്വത്വവും ബഹുമാനവും സംരക്ഷിക്കാൻ നിലകൊള്ളുമെന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ സുകാന്ത മജുംദാർ. ശനിയാഴ്ച കൊൽക്കത്തയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുർഷിദാബാദിൽ വ്യാപകമായി ഹിന്ദുക്കൾ ആക്രമിക്കപ്പെടുകയാണ്. മമതാ സർക്കാർ ഇക്കാര്യത്തിൽ കുറ്റകരമായ മൗനം പാലിക്കുന്നു. അക്രമങ്ങളിൽ പത്തിലധികം പോലീസുകാർക്ക് പരിക്കേറ്റു. ബി ഡി ഒ ഓഫീസ് അക്രമികൾ തകർത്തു. മമത സർക്കാരിന്റെ പ്രീണന നയം കാരണം അക്രമികൾക്കെതിരെ നടപടി ഉണ്ടാകുന്നില്ല. ബിജെപി ഭരിച്ചിരുന്നെങ്കിൽ അഞ്ചു മിനിറ്റിനുള്ളിൽ അക്രമം അവസാനിപ്പിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുക്കൾ പൊതുവെ സഹവർത്തിത്തത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ മുസ്ലിം ഭൂരിപക്ഷ ജില്ലയായ മുർഷിദാബാദിൽ നിന്ന് ഹിന്ദുക്കളെ പുറത്താക്കാനുള്ള ശ്രമം നടക്കുന്നു. സംസ്ഥാനത്തെ ഭരണ പരാജയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കുവാൻ സർക്കാർ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വഖഫ് നിയമത്തെ കുറിച്ച് ചിലർ തെറ്റിദ്ധാരണകൾ പരത്തുന്നു. മതസ്ഥാപനങ്ങൾ ഈ നിയമം ഉപയോഗിച്ച് ഏറ്റെടുക്കുമെന്ന് പ്രചരിപ്പിക്കുന്നു. അത്തരം നയങ്ങൾ ബിജെപിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചില തൃണമൂൽ കോൺഗ്രസ് നേതാക്കൾ വഖഫ് സ്വത്തുക്കൾ കൈവശം വച്ചിരിക്കുകയാണെന്നും അവരെ ജനങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അതേസമയം ജില്ലയിൽ അക്രമ സംഭവങ്ങൾ തുടരുകയാണ്. ശനിയാഴ്ചയും പുതിയ അക്രമ സംഭവങ്ങൾ ഉണ്ടായി. ഒരാൾക്ക് വെടിയേറ്റു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ബി എസ് എഫിനെ വ്യന്യസിച്ചു. മരണം മൂന്നായി. 120 പേരെ അറസ്റ്റ് ചെയ്‌തു. ഗവർണർ സി വി ആനന്ദബോസ് സ്ഥിതിഗതികൾ വിലയിരുത്തി. ബംഗ്ലാദേശ് അതിർത്തിയോട് ചേർന്ന് കിടക്കുന്ന ജില്ലയാണ് മുർഷിദാബാദ്

