പാനൂർ: കണ്ണൂരിൽ മുസ്ലിം ലീഗ് നേതാവ് ഉമർ ഫാറൂഖ് കീഴ്പ്പാറ ബിജെപിയിലെത്തി. മുസ്ലിം ലീഗിന്റെ പാനൂർ മുനിസിപ്പൽ കമ്മിറ്റി കൗൺസിലർ ചുമതലയിൽ നിന്ന് രാജി വച്ചാണ് ഉമർ ഫാറൂഖ് ബിജെപിയിൽ അംഗത്വമെടുത്തത്. പാനൂർ നഗരസഭ പതിനാറാം വാർഡിൽ എൻഡിഎ സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിക്കും.
30 വർഷത്തോളം പെരിങ്ങത്തൂർ മേഖലയിലെ ലീഗിന്റെ ശക്തനായ നേതാവായിരുന്നു ഉമർ ഫാറൂഖ് . ബിജെപി കണ്ണൂർ സൗത്ത് ജില്ലാ അദ്ധ്യക്ഷൻ ബിജു ഏളക്കുഴിയാണ് അദ്ദേഹത്തെ ബിജെപിയിലേക്ക് സ്വീകരിച്ചത്. സംസ്ഥാന മുഖ്യവാക്താവ് ടി.പി ജയചന്ദ്രൻ, സംസ്ഥാന സമിതി അംഗം എൻ. ഹരിദാസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
മുസ്ലിം ലീഗിന്റെ ഗ്രൂപ്പ് രാഷട്രീയത്തിലും അവസരവാദത്തിലും പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് ഉമർ ഫാറൂഖ് പറഞ്ഞു. മുസ്ലിം ലീഗ് പ്രാദേശിക പാർട്ടിയാണ്. ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകുന്നത് ബിജെപിയാണ്. മുസ്ലിം സമുദായത്തിൽപ്പെട്ട കൂടുതൽ പേർ ബിജെപിയിലേക്ക് വരണം. മരണം വരെ ബിജെപിക്കൊപ്പമായിരിക്കുമെന്നും ഉമർ പറഞ്ഞു.

