ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് എൻഐഎ. സ്ഫോടനം ആസൂത്രണം ചെയ്തത് കഴിഞ്ഞ ദിവസം അറസ്റ്റിലായ അബ്‍ദുൾ മത്തീൻ താഹയാണെന്ന് എൻഐഎ കണ്ടെത്തൽ. സ്ഫോടനത്തിന് മുമ്പ് ഒരാഴ്ചയോളം താഹ രാമേശ്വരം കഫേയിൽ സ്ഥിരമായി എത്തി. ഇപ്പോൾ അറസ്റ്റിലായ മുസാവിറിനെയും നേരത്തേ അറസ്റ്റിലായ സഹായി മുസ്സമ്മലിനെയും ചേർത്താണ് സ്ഫോടനത്തിന് പദ്ധതിയിട്ടത്. മുസ്സമ്മലിനെ ബോംബിനാവശ്യമായ ഐഇഡി എത്തിക്കാൻ ഏൽപിച്ചു.
മുസാവിറിനെ ബോംബ് വയ്ക്കാനും ചുമതലപ്പെടുത്തി. ബോംബ് വച്ച ശേഷം മുസാവിർ രക്ഷപ്പെട്ടത് താഹയുടെ നിർദേശപ്രകാരമുള്ള വഴിയിലൂടെയാണ്. അന്വേഷണസംഘത്തെ ആശയക്കുഴപ്പത്തിലാക്കാൻ പല ബസുകൾ മാറിക്കയറിയാണ് ബെല്ലാരിയിലെത്തിയത്. അവിടെ നിന്ന് തമിഴ്നാട്ടിലേക്ക് കടന്നു. പിന്നീട് പലയിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു. ഒടുവിലാണ് കൊൽക്കത്തയിലെത്തിയതെന്ന് എന്‍ഐഎ പറയുന്നു.
പ്രതികൾക്കായി എന്‍ഐഎ നേരത്തേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.വിവരങ്ങൾ നൽകുന്നതിന് പത്ത് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവർ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്നിരിക്കാമെന്ന സൂചന എൻഐഎയ്ക്ക് ലഭിച്ചത്. മാർച്ച് ഒന്നിനാണ് ബെംഗളുരുവിലെ ബ്രൂക്ക് ഫീൽഡിൽ ഉള്ള രാമേശ്വരം കഫേയിൽ ഉച്ച നേരത്ത് ബോംബ് സ്ഫോടനം നടന്നത്.

