യാങ്കൂൺ: അതിശക്ത ഭൂകമ്പമുണ്ടായ തായ്‌ലാൻഡിലും മ്യാന്മറിലും രക്ഷാപ്രവർത്തനം തുടരുന്നു. മ്യാന്മറിൽ മാത്രം നിലവിൽ 144 മൃതദേഹങ്ങൾ കണ്ടെടുത്തു. 732 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിടങ്ങൾ തകർന്നുവീണ് നിരവധി പേർ കുടുങ്ങിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുള്ളതായി ദൗത്യസംഘത്തെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മ്യാന്മർ ഭരണകൂട മേധാവി മിൻ ഓങ് ഹ്ലെയിങ് ‘അടിയന്തരാവസ്ഥ’ പ്രഖ്യാപിക്കുകയും അന്താരാഷ്ട്ര സമൂഹത്തിനോട് സഹായത്തിനായി അഭ്യർത്ഥിക്കുകയും ചെയ്തു. ആറ് പ്രവിശ്യകളിലാണ് പട്ടാളം ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ കെട്ടിടം തകർന്ന് നിരവധിപേർ കുടുങ്ങി. ബാങ്കോക്കിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് പ്രാദേശിക സമയം 12.50-നാണ് മധ്യ മ്യാന്‍മാറിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും 6.8 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും ഉണ്ടായത്. സാഗൈംഗ് നഗരത്തിന് 16 കിലോമീറ്റർ വടക്കുപടിഞ്ഞാറായും 10 കിലോമീറ്റർ താഴ്ചയിലുമാണ് പ്രഭവകേന്ദ്രമെന്ന് അമേരിക്കൻ ജിയോളജിക്കൽ സർവേ അറിയിച്ചു.

