തിരുവനന്തപുരം : വീട്ടമ്മയുടെ ദുരൂഹ മരണത്തിൽ മൃതദേഹം കുഴിമാടത്തിൽനിന്ന് പുറത്തെടുത്ത് ക്രൈംബ്രാഞ്ച് പരിശോധന ആരംഭിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് ഗണപതിപുരം അമ്പാടി വീട്ടിൽ പ്രസന്നയുടെ മരണത്തിലാണ് കോടതി നിർദേശപ്രകാരം മൃതദേഹം കുഴിമാടത്തിൽനിന്ന് പുറത്തെടുത്ത് ക്രൈംബ്രാഞ്ച് പരിശോധന തുടങ്ങിയത്. 2022 ആഗസ്റ്റ് 30-നാണ് പ്രസന്നയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ചിറയിൻകീഴ് താമസിക്കുന്ന മകളുടെ വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞാണ് പ്രസന്ന വെഞ്ഞാറമൂട്ടിലെ സ്വന്തം വീട്ടിൽ നിന്ന് യാത്ര പറഞ്ഞിറങ്ങിയത്. എന്നാൽ എത്തേണ്ട സമയം കഴിഞ്ഞിട്ടും മകളുടെ വീട്ടിൽ എത്താതിരുന്നതോടെ ബന്ധുക്കൾ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെ ചിറയിൻകീഴ് ശാർക്കര റെയിൽവേ ഗേറ്റിന് സമീപത്തു നിന്ന് പ്രസന്നയുടെ മൃതദേഹം കണ്ടെത്തി. ശരീരത്തിൽ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ പരാതി നൽകി. പോലീസിന്‍റെ അന്വേഷണം കാര്യക്ഷമല്ലെന്ന് ആരോപിച്ച് ബന്ധുക്കൾ കോടതിയെ സമീപിച്ചു. തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാനും ക്രൈംബ്രാഞ്ചിനോട് കേസ് അന്വേഷിക്കാനും കോടതി നിർദേശിച്ചത്.

