നാഗലാന്‍ഡ് ഗവര്‍ണര്‍ എല്‍. ഗണേശന്‍ അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരം ആറരയോടെയായിരുന്നു അന്ത്യം. ഓഗസ്റ്റ് എട്ടിന് ടി.നഗറിലെ വസതിയില്‍ വീണ് തലയ്ക്ക് ഗുരുതരപരിക്കേറ്റതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലായിരുന്നെങ്കിലും ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായിരുന്നില്ല
ബിജെപിയിലെ മുതിർന്ന നേതാവായിരുന്ന ഗണേശന്‍ പാര്‍ട്ടിയുടെ നിര്‍ണായക നേതൃസ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്നു. ബിജെപിയുടെ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു. സംഘാടക മികവും താഴേക്കിടയിലുള്ള ആഴത്തിലുള്ള ബന്ധവും പാര്‍ട്ടിയോടുള്ള വിശ്വസ്തതയും ഗണേശനെ വ്യത്യസ്തനാക്കി. തമിഴ്‌നാട്ടില്‍ പാര്‍ട്ടിയെ ശക്തമാക്കുന്നതില്‍ നിര്‍ണായകപങ്ക് വഹിച്ചു.
രാഷ്ട്രീയ സ്വയംസേവക് സംഘിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച എൽ. ഗണേശൻ ബി.ജെ.പി.യുടെ മുതിർന്ന നേതാവായി വളർന്നു. 1945 ഫെബ്രുവരി 16-നാണ് അദ്ദേഹം ജനിച്ചത്. 1970-ൽ ആർ.എസ്.എസ്സിന്റെ മുഴുവൻ സമയ പ്രചാരകനായി മാറിയ അദ്ദേഹം 20 വർഷത്തോളം വിവിധ സ്ഥലങ്ങളിൽ പ്രവർത്തിച്ചു.
1991-ൽ ബിജെപിയിൽ ചേർന്ന അദ്ദേഹം, പാർട്ടി സംസ്ഥാന ഘടകത്തിന്റെ സംഘടനാ സെക്രട്ടറിയായി ചുമതലയേറ്റു. തമിഴ്‌നാട്ടിൽ ബി.ജെ.പി.യുടെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചു. 10 വർഷത്തിന് ശേഷം ദേശീയ സെക്രട്ടറിയായി ഉയർത്തപ്പെട്ട അദ്ദേഹം, രണ്ട് വർഷം ബിജെപിയുടെ ദേശീയ ഉപാദ്ധ്യക്ഷനായും പ്രവർത്തിച്ചു.
2006-നും 2009-നും ഇടയിൽ തമിഴ്‌നാട് ബിജെപിയുടെ അദ്ധ്യക്ഷനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 2016-ൽ മധ്യപ്രദേശിൽ നിന്ന് രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2021 ഓഗസ്റ്റ് 27-ന് മണിപ്പൂർ ഗവർണറായി നിയമിതനായി. 2022 ജൂലൈ മുതൽ നവംബർ വരെ പശ്ചിമ ബംഗാൾ ഗവർണറുടെ അധിക ചുമതലയും വഹിച്ചു. 2023 ഫെബ്രുവരി മുതൽ നാഗാലാൻഡിന്റെ 21-ാമത് ഗവർണറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
രാഷ്ട്രീയപരമായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നിട്ടും, തമിഴ്‌നാട്ടിലെ ഡി.എം.കെ ഉൾപ്പെടെയുള്ള എല്ലാ രാഷ്ട്രീയ നേതാക്കളുമായി സൗഹൃദം നിലനിർത്തിയിരുന്നു. സാഹിത്യത്തോടുള്ള താല്പര്യം കാരണം മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു.

