Friday, December 12, 2025

മൂന്നാമതും നരേന്ദ്ര ഭാരതം ! പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ലോകനേതാക്കൾ

ഭാരതത്തിൽ മൂന്നാം മോദി സർക്കാർ അധികാരത്തിലേറുമെന്ന് ഉറപ്പായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ലോക നേതാക്കൾ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെയും എൻഡിഎ മുന്നണിയെയും വിജയത്തിലേക്ക് നയിച്ച് മൂന്നാം തവണയും അധികാരത്തിലേറുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച ലോക നേതാക്കൾ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയായ രാജ്യത്തെ തെരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയാക്കിയാൻ സാധിച്ചതിൽ ഭാരതീയ ജനതയെയും അഭിനന്ദിച്ചു.

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, മൗറീഷ്യസ് പ്രധാനമന്ത്രി, ശ്രീലങ്കൻ പ്രസിഡന്‍റ് റനിൽ വിക്രമസിംഗെ, നേപ്പാൾ പ്രധാനമന്ത്രി സഖാവ് പുഷ്പ കമാൽ പ്രചണ്ഡ, മാലദ്വീപ് പ്രസിഡന്‍റ് ഡോ. മുഹമ്മദ് മുയിസു, മാലദ്വീപ് വൈസ് പ്രസിഡന്‍റ് ഹുസൈൻ മുഹമ്മദ് ലത്തീഫ്, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേ തുടങ്ങി നിരവധി ലോക നേതാക്കളാണ് മോദിയെ അഭിനന്ദിച്ചത്.

ബിജെപി നേതൃത്വം നൽകിയ എൻഡിഎ സഖ്യം 290 സീറ്റുകൾ നേടിയാണ് സർക്കാർ രൂപീകരണം ഉറപ്പാക്കിയത്. 240 സീറ്റുകൾ സ്വന്തമാക്കിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ഇന്നു വൈകുന്നേരം ചേരുന്ന എന്‍ഡിഎ യോഗത്തില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്രമോദിയുടെ പേര് അംഗീകരിക്കും. തുടര്‍ന്ന് പിന്തുണയ്ക്കുന്ന പാര്‍ട്ടികളുടെ കത്തു സഹിതം രാഷ്ട്രപതിക്ക് നല്‍കാനാണ് ബിജെപിയുടെ ശ്രമം. ഇതിനായി ജെഡിയു, ടിഡിപി എന്നിവരില്‍ നിന്നും പിന്തുണക്കത്ത് ലഭിക്കാന്‍ ബിജെപി സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിനെ നേരിടാൻ ഒപ്പമുണ്ടായിരുന്ന എന്‍ഡിഎക്കൊപ്പമാകും ഇനിയുള്ള യാത്രയെന്ന് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു വ്യക്തമാക്കിയിരുന്നു.

നിലവിലെ 17ാം ലോക്‌സഭ പിരിച്ചു വിടാന്‍ കേന്ദ്രമന്ത്രിസഭ ശുപാര്‍ശ ചെയ്തു. ഇന്നുചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ അവസാനയോഗമാണ് ഈ തീരുമാനമെടുത്തത്. തുടർന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവിന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജിക്കത്ത് കൈമാറി. പുതിയ സർക്കാർ ചുമതലയേൽക്കുന്നത് വരെ കാവൽ പ്രധാനമന്ത്രിയായി തുടരാൻ അദ്ദേഹത്തോട് രാഷ്‌ട്രപതി നിർദേശിച്ചു.

Related Articles

Latest Articles