Friday, January 2, 2026

ചായക്കച്ചവടക്കാരന്‍ പ്രധാനമന്ത്രിയായത് ഭരണഘടനയുടെ കരുത്ത് കൊണ്ടാണെന്ന് നരേന്ദ്രമോദി

അലിഗഢ് : ചായ കച്ചവടക്കാരനായിരുന്ന ഒരാള്‍ക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രി ആകാന്‍ കഴിഞ്ഞത് ബാബാ സാഹിബ് അംബേദ്കര്‍ രൂപം നല്‍കിയ ഭരണഘടനയുടെ കരുത്തുകൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ദാരിദ്ര്യം അനുഭവിക്കുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്തിരുന്ന വിഭാഗത്തില്‍പ്പെട്ട ഒരുവ്യക്തിക്ക് ഇന്ത്യയുടെ രാഷ്ട്രപതിയാകാനും കര്‍ഷക കുടുംബത്തില്‍ ജനിച്ചയാള്‍ക്ക് ഉപരാഷ്ട്രപതിയാകാനും കഴിഞ്ഞു. ഇതിനെല്ലാം നന്ദി പറയേണ്ടത് രാജ്യത്തിന്റെ ഭരണഘടനയോടാണെന്ന് അദ്ദേഹം പറഞ്ഞു.

ഭരണഘടനാ ശില്പിയായ ബി.ആര്‍. അംബേദ്കറുടെ ജന്മവാര്‍ഷിക ദിനത്തില്‍ ഉത്തര്‍പ്രദേശിലെ അലിഗഢില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.സംസ്ഥാനത്തെ 40 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാത്ത ഒരു സഖ്യത്തിന് പ്രധാനമന്ത്രിയെ സംഭാവന ചെയ്യാന്‍ എങ്ങനെ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു. മായാവതി നേതൃത്വം നല്‍കുന്ന ബി.എസ്.പിയും അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന സമാജ്‌വാദി പാര്‍ട്ടിയും രാഷ്ട്രീയ ലോക്ദളും ഉള്‍പ്പെട്ട സംഖ്യം രണ്ട് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിറുത്തിയിട്ടില്ല. രാഹുല്‍ഗാന്ധി മത്സരിക്കുന്ന അമേഠി, സോണിയാ ഗാന്ധി മത്സരിക്കുന്ന റായ്ബറേലി മണ്ഡലങ്ങളാണ് കോണ്‍ഗ്രസിനുവേണ്ടി സഖ്യം ഒഴിച്ചിട്ടിരിക്കുന്നത്. ഇത് കണക്കിലെടുത്താണ് മോദിയുടെ പ്രസ്താവന.

Related Articles

Latest Articles