Tuesday, December 23, 2025

ഇന്ത്യയ്ക്കാര്‍ ഒറ്റക്കെട്ടായി നരേന്ദ്ര മോദിയ്ക്ക് പിറകിലെന്ന് ഇന്ത്യ ടുഡേ സര്‍വ്വേ: രാജ്യം കണ്ട മികച്ച പ്രധാനമന്ത്രിയും മോദി.

ദില്ലി- രാജ്യത്തെ ജനത ഒറ്റക്കെട്ടായി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പിറകിലെന്ന് സര്‍വ്വേ. സര്‍വ്വേയില്‍ പങ്കെടുത്ത 71 ശതമാനം പേരും മോദിയെ പിന്തുണച്ചു. ഇന്ത്യാ ടുഡേ ഗ്രൂപ്പും കാര്‍വി ഇന്‍സെറ്റും നടത്തിയ മൂഡ് ഓഫ് നേഷന്‍ സര്‍വ്വേയാണ് മോദിയുടെ ജനപ്രിയത അടിവരയിട്ടത്. കഴിഞ്ഞ ജനുവരിയില്‍ ഇന്ത്യ ടുഡേ നടത്തിയ സര്‍വ്വേയില്‍ 54 ശതമാനം പേരാണ് മോദിയെ പിന്തുണച്ചിരുന്നത്. രാജ്യം കണ്ട മികച്ച പ്രധാനമന്ത്രി മോദിയാണെന്നും സര്‍വ്വേ അടിവരയിടുന്നു. 37 ശതമാനം പേര്‍ മോദിയെ മികച്ച പ്രധാനമന്ത്രിയായി വിലയിരുത്തുമ്പോള്‍ രണ്ടാമതുള്ള ഇന്ദിരാഗാന്ധിയെ പിന്തുണക്കുന്നത് 14 ശതമാനം പേര്‍ മാത്രമാണ്.11 ശതമാനം വോട്ട് നേടിയ അടല്‍ ബിഹാരി വാജ്‌പേയ് ആണ് മൂന്നാമത്.

സര്‍വ്വേയില്‍ പങ്കെടുത്ത 65 ശതമാനം പേരും കശ്മീര്‍ പ്രശ്‌നം മോദി അഞ്ച് വര്‍ഷത്തിനുള്ളില്‍ പരിഹരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നവരാണ്. 25ശതമാനം പേര്‍ മാത്രമാണ് എതിരഭിപ്രായം രേഖപ്പെടുത്തിയത്. കശ്മീരിന് അമിതാവകാശം നല്‍കുന്ന 370ാം അനുച്ഛേദം റദ്ദാക്കിയതിനെ സര്‍വ്വേയില്‍ പങ്കെടുത്ത 57 ശതമാനം പേരും പിന്തുണച്ചു. 26 ശതമാനം മാത്രമാണ് എതിരഭിപ്രായം പറഞ്ഞത്.

മറ്റ് നേതാക്കളെക്കാള്‍ ഏറെ മുന്നിലാണ് മോദിയെന്നും സര്‍വ്വേ കണ്ടെത്തുന്നു. രണ്ടാം സ്ഥാനത്തുള്ള തൃണമൂല്‍ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയ്ക്ക് വെറും 19 ശതമാനത്തിന്റെ പിന്തുണയാണ് ഉള്ളത്. അതേസമയം രാഹുല്‍ ഗാന്ധിയെ പിന്തള്ളിയാണ് മമതാ ബാനര്‍ജി മുന്നിലെത്തിയത്.

സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനും ആംആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനും 12 ശതമാനം വോട്ടും ബിജു ജനതാദള്‍ നേതാവ് നവീന്‍ പട്‌നായികിനും എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിനും 11 ശതമാനം വോട്ടും ലഭിച്ചു. ആന്ധപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്ക് 9 ശതമാനം വോട്ടും മായാവതിക്ക് 8 ശതമാനവും ചന്ദ്രശേഖര്‍ റാവുവിന് 6 ശതമാനവും വോട്ടാണ് ലഭിച്ചത്.

രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് വന്‍തകര്‍ച്ചയെ നേരിടുകയാണെന്നും സര്‍വ്വേ കണ്ടെത്തുന്നു. കോണ്‍ഗ്രസിനെ രക്ഷപ്പെടുത്താന്‍ പ്രിയങ്ക ഗാന്ധിക്കെ കഴിയൂ എന്നും സര്‍വ്വേ ഫലത്തില്‍ പറയുന്നു. 15 ശതമാനം പേര്‍ കരുതുന്നത് പ്രിയങ്ക ഗാന്ധിക്ക് മാത്രമേ കോണ്‍ഗ്രസിനെ രക്ഷപ്പെടുത്താന്‍ കഴിയൂ എന്നാണ്. 11 ശതമാനം പേര്‍ മാത്രമാണ് ഇപ്പോള്‍ രാഹുല്‍ ഗാന്ധിയെ പിന്തുണക്കുന്നത്. 7 ശതമാനം പേരാണ് സോണിയാ ഗാന്ധിക്ക് കോണ്‍ഗ്രസിനെ ശരിയായ ദിശയില്‍ നയിക്കാന്‍ സാധിക്കുമെന്ന് കരുതുന്നത്.

സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 50 ശതമാനം പേരും കോണ്‍ഗ്രസ് വന്‍തകര്‍ച്ചയെ നേരിടുകയാണെന്ന് ചൂണ്ടിക്കാട്ടുന്നു. 37 ശതമാനം പേര്‍ കോണ്‍ഗ്രസ് നേരിടുന്നത് വലിയ തകര്‍ച്ചയാണെന്ന് കരുതുന്നില്ല. 13 ശതമാനം പേര്‍ക്ക് ഇക്കാര്യത്തില്‍ കൃത്യമായ അഭിപ്രായത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ല.

ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. മാസങ്ങള്‍ക്ക് ശേഷം സോണിയാ ഗാന്ധി വീണ്ടും അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരികെയെത്തിയിരുന്നു. ഇതിനെ കുറിച്ചും ആളുകള്‍ സര്‍വ്വേയില്‍ പ്രതികരിച്ചു.

Related Articles

Latest Articles