Saturday, December 13, 2025

ദുരന്തമേഖലകൾ നേരിട്ട് കണ്ട് നരേന്ദ്രമോദി ; പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വൻ ജനാവലി ! റോഡിനിരുവശത്തും മണിക്കൂറുകൾ കാത്തുനിന്നത് ആയിരങ്ങൾ ; കനത്ത സുരക്ഷയിൽ വയനാട്

വയനാട്ടിലെ ഉരുളെടുത്ത പ്രദേശം സന്ദർശനം നടത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെത്തി. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ- ചൂരൽമല മേഖലയിൽ വ്യോമ നിരീക്ഷണം നടത്തിയതിന് ശേഷം പ്രധാനമന്ത്രി കൽപ്പറ്റയിൽ നിന്ന് റോഡ് മാർഗ്ഗം ചൂരൽമലയിലേക്ക് യാത്ര തിരിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ റോഡിനിരുവശത്തും മണിക്കൂറുകൾ കാത്തുനിന്നത് ആയിരങ്ങളാണ്.

ദുരന്തഭൂമിയിലെത്തുന്ന പ്രധാനമന്ത്രി സൈന്യം നിർമിച്ച ബെയ്‌ലി പാലത്തിലെത്തും. ശേഷം ദുരന്തം അതിജീവിച്ചവർക്ക് സാന്ത്വനം പകരാനായി ദുരിതിതാശ്വാസ ക്യാമ്പിലുമെത്തും. ഉരുൾപൊട്ടലിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കിടക്കുന്നവരെയും പ്രധാനമന്ത്രി കാണും. തുടർന്ന് വയനാട് കളക്ടറേറ്റിൽ എത്തുന്ന അദ്ദേഹം അവലോകനയോഗത്തിൽ പങ്കെടുക്കും. 3.15-ന് തിരികെ കണ്ണൂരിലേക്ക് മടങ്ങും. വൈകീട്ട് 3.55-ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ദില്ലിയിലേക്ക് തിരിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.

കൽപറ്റയിലെത്തിയ പ്രധാനമന്ത്രിയെ ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, മന്ത്രിമാർ, എംഎൽഎമാർ തുടങ്ങിയ നേതാക്കൾ ചേർന്ന് സ്വീകരിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മുഖ്യമന്ത്രിയും ഗവർണറും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. അതേസമയം, പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്. പ്രത്യേക പാക്കേജ് വയനാടിനായി പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.

Related Articles

Latest Articles