Wednesday, December 17, 2025

ഇന്ത്യ- യുഎസ് ബന്ധം ശക്തിയാര്‍ജിച്ചതായി നരേന്ദ്രമോദി

ദില്ലി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിയാര്‍ജിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞതെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ട്രംപിനും കുടുംബത്തിനും പ്രധാനമന്ത്രി പുതുവത്സരാശംസകള്‍ നേര്‍ന്നതായും സര്‍ക്കാര്‍ വ്യക്തമാക്കി. പശ്ചിമേഷ്യന്‍ സംഘര്‍ഷം ചര്‍ച്ച ചെയ്‌തോ എന്ന് വ്യക്തമാക്കിയില്ല.

ഇരു രാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ വര്‍ഷം നടന്ന നയതന്ത്ര ഇടപെടലുകളും സഹകരണവും ഈ വര്‍ഷവും തുടരുന്നതിനെ സംബന്ധിച്ച് ചര്‍ച്ചയായി. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ട്രംപ് പുതുവര്‍ഷ ആശംസകള്‍ നല്‍കി. ‘വിശ്വാസം, പരസ്പര ബഹുമാനം, ധാരണ എന്നിവയില്‍ അധിഷ്ഠിതമായ ഇന്ത്യ-യുഎസ് ബന്ധം ശക്തിയില്‍ നിന്ന് ശക്തിയിലേക്ക് വളര്‍ന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം വര്‍ധിപ്പിക്കുന്നതില്‍ കഴിഞ്ഞ വര്‍ഷം കൈവരിച്ച സുപ്രധാന പുരോഗതി പ്രധാനമന്ത്രി എടുത്തുപറയുകയും വര്‍ഷവും തുടരേണ്ട സഹകരണവും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഇറാനും അമേരിക്കയും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മോദി – ട്രംപ് സംഭാഷണം.

Related Articles

Latest Articles