ദില്ലി : ഒക്ടോബര്‍ 26 മുതല്‍ മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിൽ വച്ച് നടക്കുന്ന ആസിയാന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വെര്‍ച്വലായി പങ്കെടുക്കും. 28 വരെ നീളുന്ന ഉച്ചകോടിയില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാകും ഭാരതത്തെ പ്രതിനിധീകരിക്കുക. ഇതോടെ ആസിയാൻ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പും തമ്മിൽ കൂടിക്കാഴ്ച്ച നടത്തുമെന്നും വ്യാപാരക്കരാർ ഒപ്പിടുമെന്നുമുള്ള അഭ്യൂഹങ്ങൾക്ക് വിരാമമായി. മലേഷ്യയുടെ ക്ഷണം സ്വീകരിച്ചാണ് അമേരിക്കൻ പ്രസിഡന്റ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്.
‘വരും ആഴ്ചകളില്‍’ മോദിയെ കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രമ്പ് പറഞ്ഞിരുന്നു. അധിക തീരുവയെ തുടർന്നുള്ള ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിലെ ഉലച്ചിലുകള്‍ക്ക് ശേഷം അത് പുനഃസ്ഥാപിക്കാന്‍ നോക്കുന്നതിനിടെയായിരുന്നു ഈ പ്രസ്താവന. 2014 മുതല്‍ 2019 വരെ എല്ലാ വര്‍ഷവും പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി മോദി വാര്‍ഷിക ഉച്ചകോടിയിലെ സ്ഥിരം സാന്നിധ്യമായിരുന്നു. കോവിഡ്-19 മഹാമാരി കാരണം 2020, 2021 വര്‍ഷങ്ങളിലെ ഉച്ചകോടികള്‍ വെര്‍ച്വലായിട്ടാണ് നടന്നത്. 2022-ല്‍ മാത്രമാണ് പ്രധാനമന്ത്രി മോദി ഉച്ചകോടിയില്‍ പങ്കെടുക്കാതിരുന്നത്.
റഷ്യന്‍ എണ്ണയുടെ ഇറക്കുമതി തുടര്‍ന്നതിന്റെ പേരില്‍ ഇന്ത്യക്കെതിരെ 50% വരെ ഉയര്‍ന്ന തീരുവ ട്രമ്പ് ഏര്‍പ്പെടുത്തിയതോടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയിരുന്നു. എങ്കിലും, ഇരു നേതാക്കളും രണ്ട് മാസത്തിനിടെ രണ്ടുതവണ ഫോണില്‍ സംസാരിച്ചതോടെ ബന്ധം മെച്ചപ്പെട്ടു. ദീപാവലിക്ക് മോദിക്ക് ആശംസകള്‍ നേരാനായി ചൊവ്വാഴ്ചയാണ് ട്രമ്പ് അവസാനമായി വിളിച്ചത്.

