നാഷണൽ ഹെറാൾഡ് കള്ളപ്പണക്കേസിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്കും സോണിയാ ഗാന്ധിക്കും കുരുക്ക് മുറുകുന്നു. കള്ളപ്പണ ഇടപാടിലൂടെ ഇരുവരും 142 കോടി രൂപയുടെ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി ഇഡി കോടതിയെ അറിയിച്ചു.
നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട സ്വത്തുക്കൾ 2023 നവംബറിൽ കണ്ടുകെട്ടിയതായും അതുവരെ പ്രതികൾ കുറ്റകൃത്യത്തിന്റെ വരുമാനം ആസ്വദിക്കുകയായിരുന്നുവെന്നും ഇഡി വ്യക്തമാക്കി. സോണിയ, രാഹുൽ, സാം പിത്രോദ, എന്നിവർക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ് പ്രഥമദൃഷ്ട്യാ നിലവിലുണ്ടെന്ന് ഇഡി അറിയിച്ചു. നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് പാർട്ടിയെ പ്രതിയാക്കുന്ന കാര്യം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിഗണിക്കുന്നുണ്ട്.
നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നേരത്തെ സോണിയാ ഗാന്ധിയ്‌ക്കും രാഹുൽ ഗാന്ധിയ്‌ക്കുമെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. കഴിഞ്ഞ മാസം 15നാണ് കുറ്റപത്രം സമർപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് 661 കോടിയുടെ സ്വത്തുക്കൾ പിടിച്ചെടുത്തിരുന്നു. സോണിയയും രാഹുലും ഉടമസ്ഥരായുള്ള യങ് ഇന്ത്യന്റെ സ്വത്തുവകകളാണ് ഇഡി പിടിച്ചെടുത്തത്.
സ്വാതന്ത്ര്യസമര സേനാനികൾ 1938ൽ രൂപീകരിച്ച നാഷണൽ ഹെറാൾഡ് പത്രവും അതിന്റെ സ്വത്തും നിലവിലെ കോൺഗ്രസ് നേതാക്കൾ ധനസമ്പാദനത്തിനായി ദുരുപയോഗിച്ചുവെന്നാണ് ആരോപണം. സ്വാതന്ത്ര്യാനന്തരം നാഷണൽ ഹെറാൾഡ് കോൺഗ്രസ് മുഖപത്രമായി മാറി. അയ്യായിരത്തോളം സ്വാതന്ത്ര്യസമര സേനാനികൾ ഓഹരി ഉടമകളായുള്ള അസോസിയേറ്റ് ജേർണൽസ് ലിമിറ്റഡായിരുന്നു നടത്തിപ്പുകാർ. ദില്ലി ഐടിഓയിലും മുംബൈ ബാന്ദ്രയിലും ലഖ്‌നൗ ബിശ്വേശർനാഥ് റോഡിലും കോടികൾ വിലമതിക്കുന്ന പടുകൂറ്റൻ കെട്ടിടം നാഷണൽ ഹെറാൾഡിനുണ്ടായിരുന്നു. 2008ൽ പത്രം അടച്ചുപൂട്ടി. 90 കോടി രൂപയുടെ കടബാധ്യതയുണ്ടായിരുന്നു. 2010ൽ സോണിയയും രാഹുലും ചേർന്ന് യങ് ഇന്ത്യൻ എന്ന കമ്പനി തുടങ്ങുകയും വെറും അമ്പത് ലക്ഷം രൂപയ്‌ക്ക് അസോസിയേറ്റ് ജേർണൽസിനെ ഏറ്റെടുക്കുകയും ചെയ്‌തു.
സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും അവരുടെ വിധേയരും ചേർന്ന് ആയിരക്കണക്കിന് കോടിയുടെ ഭൂസ്വത്തുള്ള അസോസിയേറ്റ് ജേർണൽസ് ലിമിറ്റഡ് കമ്പനിയെ യങ് ഇന്ത്യൻ എന്നൊരു ഉപായ കമ്പനിയുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് പരാതിക്കാരനായ സുബ്രഹ്മണ്യ സ്വാമി ആരോപിച്ചത്. 1,600 കോടി രൂപ മതിക്കുന്ന ദില്ലിയിലെ ഹെറാൾഡ് ഹൗസ് വെറും 50 ലക്ഷം രൂപയ്‌ക്കാണ് ഇവർ സ്വന്തമാക്കിയെതെന്നും സുബ്രഹ്മണ്യൻ സ്വാമി ആരോപിക്കുന്നു. 2012 നവംബറിലാണ് ഇദ്ദേഹം പരാതിയുമായി രംഗത്ത് എത്തിയിരുന്നത്.

