ദില്ലി : രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ആരോപണവിധേയരായ നാഷണല്‍ ഹെറാള്‍ഡ് കേസിൽ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു.സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, സാം പിത്രോദ എന്നിവര്‍ക്കെതിരേയാണ് ഇഡി ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇഡി കേസില്‍ ചുമത്തിയിരിക്കുന്നത്. ഏപ്രില്‍ 25-ന് കോടതി കേസില്‍ വാദംകേള്‍ക്കും.
നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ഇഡി നേരത്തേ ചോദ്യംചെയ്തിരുന്നു. കഴിഞ്ഞ ശനിയാഴ്ച നാഷണല്‍ ഹെറാള്‍ഡിന്റെ 661 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളും ഇഡി ആരംഭിച്ചിരുന്നു.
ജവഹര്‍ലാല്‍ നെഹ്രു 1937-ല്‍ സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ പുതുതായുണ്ടാക്കിയ യങ് ഇന്ത്യന്‍ കമ്പനി ഏറ്റെടുത്തതില്‍ അഴിമതിയും വഞ്ചനയുമുണ്ടെന്ന് ആരോപിച്ച് 2012-ല്‍ ബിജെപി നേതാവും സാമ്പത്തിക വിദഗ്ധനുമായ സുബ്രഹ്‌മണ്യന്‍ സ്വാമിയാണ് പരാതി നൽകിയത് . 5000 സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ഓഹരിയുണ്ടായിരുന്ന ആയിരക്കണക്കിന് കോടിയുടെ ഭൂസ്വത്തുള്ള എ.ജെ.എല്‍. കമ്പനിയെ യങ് ഇന്ത്യന്‍ എന്നൊരു ഉപായക്കമ്പനിയുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് ആരോപണം .1,600 കോടി രൂപ മതിക്കുന്ന ദില്ലിയിലർ ഹെറാള്‍ഡ് ഹൗസ് വെറും 50 ലക്ഷം രൂപയ്ക്കാണ് ഇവര്‍ സ്വന്തമാക്കിയെതെന്നും പരാതിക്കാരൻ ആരോപിച്ചിരുന്നു.
2008-ല്‍ എ.ജെ.എല്‍. കമ്പനിയുടെ 38 ശതമാനം ഓഹരികളുടെ ഉടമയായിരുന്നു രാഹുല്‍ ഗാന്ധി. എന്നാല്‍, 2009-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് കമ്മിഷനു നല്‍കിയ സത്യവാങ്മൂലത്തില്‍ ഈ ഓഹരിയെക്കുറിച്ച് പറയുന്നില്ല. ഇത് തിരഞ്ഞെടുപ്പു ചട്ടങ്ങളുടെ ലംഘനമാണെന്ന് സുബ്രഹ്മണ്യൻ സ്വാമി പരാതിയില്‍ പറഞ്ഞിരുന്നു.

