കര്‍ണാടകയിലെ അങ്കോലയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അർജുനായുള്ള തെരച്ചലിൽ വീണ്ടും പ്രതിസന്ധി . മണ്ണിടിച്ചിലിന്റെ ഭാഗമായി രൂപപ്പെട്ട നദിക്കരയിൽ നിന്ന് 40 മീറ്റർ മാറി ലോഹ സാന്നിധ്യത്തെ സൂചിപ്പിക്കുന്ന സിഗ്നൽ ലഭിച്ചുവെങ്കിലും കനത്ത അടിയൊഴുക്ക് മൂലം ദൗത്യ സംഘത്തിന് ഈ പോയിന്റിൽ തെരച്ചിൽ നടത്താൻ സാധിച്ചിട്ടില്ല. നിലവിൽ കരസേന തെരച്ചിൽ താത്കാലികമായി നിർത്തിയിരിക്കുകയാണ്. നാവിക സേനയുടെ മുങ്ങൽ വിദഗ്ധർക്കും തെരച്ചിൽ നടത്താൻ കഴിയുന്നില്ല.
ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് ഈ സിഗ്നൽ ലഭിച്ചത്. അർജുന്റെ ട്രക്ക് കരയിൽ ഇല്ലെന്ന് ഇന്നലെ സൈന്യം സ്ഥിരീകരിച്ചിരുന്നു . ഇന്നലെ കരഭാഗത്ത് നടത്തിയ റഡാർ പരിശോധനയിൽ ലോഹ സാന്നിധ്യം സ്ഥിരീകരിച്ച രണ്ട് സ്ഥലങ്ങളിൽ സ്ഥലത്ത് മണ്ണ് നീക്കി പരിശോധിച്ചെങ്കിലും ആശ്വാസകരമായ ഒന്നും കണ്ടെത്താൻ സാധിച്ചില്ല. രണ്ട് മണിക്കൂർ നീണ്ട മണ്ണ് മാറ്റിയുള്ള തെരച്ചിലിൽ രണ്ട് പോയിന്റിലും മണ്ണും നീക്കിയിട്ടും ട്രക്കിന്റെ യാതൊരു ഭാഗവും കണ്ടെത്താനായില്ല.

