Friday, December 19, 2025

നവീൻ ബാബുവിന്റെ മരണം !പി.പി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതിന് പിന്നിൽ അഭ്യന്തര വകുപ്പിന്റെയും പ്രോസിക്യൂഷന്റെയും ഒത്തുകളിയെന്ന് തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ; ദിവ്യ തിരുത്തുമെന്ന് ഗോവിന്ദൻ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും ചോദ്യം

എഡിഎം നവീന്‍ബാബുവിന്റെ മരണത്തിൽ റിമാന്‍ഡില്‍ കഴിയുകയായിരുന്ന ജില്ലാ പഞ്ചായത്ത് മുന്‍ അദ്ധ്യക്ഷയും സിപിഎം നേതാവുമായ പി.പി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത് അഭ്യന്തര വകുപ്പും പ്രോസിക്യൂഷനും സഹായിച്ചത് കൊണ്ടാണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നവീൻ ബാബുവിൻ്റെ കുടുംബത്തെ സിപിഎം അപമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ പ്രതികരണം.

“പിപി ദിവ്യയുടെ കാര്യത്തിൽ ബിജെപി പറഞ്ഞത് ശരിയായിരിക്കുന്നു.
ദിവ്യയെ സംരക്ഷിച്ചത് സിപിഎം ആണെന്ന് വ്യക്തമായി. ജാമ്യപേക്ഷയിൽ പ്രതിഭാഗം നവീൻ ബാബുവിന്റെ കുടുംബത്തിനെതിരെ ഉന്നയിച്ച ആരോപണത്തെ എതിർക്കാൻ പ്രോസിക്യൂഷൻ തയ്യാറായില്ല.

ജില്ലാ കളക്ടർ നൽകിയ മൊഴിയാണ് പ്രതിഭാഗത്തിന് അനുകൂലമായ നടപടിയുണ്ടാകാൻ കാരണം. ഇത് സർക്കാരിൻ്റെ ദയനീയ പരാജയമാണ്. സിപിഎം പത്തനംതിട്ട ജില്ല കമ്മിറ്റിയെ കൊണ്ട് നാടകം കളിപ്പിച്ചു. ഇപ്പോൾ പത്തനംതിട്ട ജില്ലാ കമ്മിറ്റി എന്താണ് മിണ്ടാത്തത്? ഗോവിന്ദന്റെ പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ദിവ്യ തിരുത്തുമെന്ന് ഗോവിന്ദൻ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്. ദിവ്യയെ
പുറത്താക്കുകയാണ് വേണ്ടത്. പാർട്ടി ഇപ്പോൾ എടുത്ത നടപടി ജനങ്ങളെ കബളിപ്പിക്കലാണ്.
സർക്കാർ പ്രതിയെ നിയമപരമായി സഹായിച്ചത് ഗൗരവതരമാണ്.മുഖ്യമന്ത്രിയുടെ വാക്ക് പഴയ ചാക്ക് പോലെയാണ്. എഡിഎമ്മിൻ്റെ കുടുംബത്തെ അപമാനിച്ച കളക്ടർ പരമ ദ്രോഹിയാണ്. പ്രതിപക്ഷം ഇതിന് കൂട്ടുനിൽക്കുകയാണ്. സർക്കാരിൻ്റെ മനുഷ്യത്വവിരുദ്ധ നിലപാടിനെതിരായ ജനവിധിയായിരിക്കും ഉപതിരഞ്ഞെടുപ്പ് ഫലം”- കെ.സുരേന്ദ്രൻ പറഞ്ഞു.

Related Articles

Latest Articles