കണ്ണൂർ : എഡിഎം നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണമുന്നയിച്ച വിവാദ പെട്രോൾ പമ്പ് അപേക്ഷകൻ ടി വി പ്രശാന്തനെ ആരോഗ്യവകുപ്പ് സസ്‌പെൻഡ് ചെയ്തു. പരിയാരം മെഡിക്കല്‍ കോളേജിലെ ഇലക്ട്രീഷ്യനായിരുന്ന പ്രശാന്തനെതിരേ ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നടപടി. ആരോഗ്യവകുപ്പ് സെക്രട്ടറി വിഷയത്തിൽ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അന്വേഷണ റിപ്പോര്‍ട്ടില്‍ ഇയാൾക്കെതിരെ ഗുരുതരമായ കണ്ടെത്തലുകളുണ്ടായിരുന്നു.
സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ഒരു ജീവനക്കാരന്‍ എങ്ങനെയാണ് പെട്രോള്‍ പമ്പൊക്കെ തുടങ്ങാന്‍ അപേക്ഷയുമായി മുന്നോട്ട് പോകുന്നതെന്നായിരുന്നു പ്രധാന ചോദ്യം.
എഡിഎമ്മിന്റെ ആത്മഹത്യയെത്തുടര്‍ന്നുണ്ടായ വിവാദത്തെത്തുടര്‍ന്ന് മാദ്ധ്യമങ്ങളില്‍ പരസ്യപ്രതികരണവുമായി പ്രശാന്തന്‍ വന്നിരുന്നു. എന്നാൽ ചോദ്യം ചെയ്യലിന് ശേഷം മാദ്ധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ ഇയാൾ ഓടിയൊളിക്കുകയും ചെയ്തു. നേരത്തെ വിവാദങ്ങളെത്തുടർന്ന് മെഡിക്കല്‍ കോളേജിലെ ജോലിയില്‍ ഇയാൾ അവധിയില്‍ പ്രവേശിച്ചിരുന്നു. 10 ദിവസത്തെ അവധിയ്ക്കാണ് ആദ്യം അപേക്ഷിച്ചത്. പിന്നീട് അവധി നീട്ടി ചോദിക്കുകയും ചെയ്തു. അതിനിടെയാണ് ഇപ്പോൾ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.

