പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ പി പി ദിവ്യ സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയ്‌ക്കെതിരെ സുപ്രധാന നീക്കവുമായി കുടുംബം. ദിവ്യയുടെ ജാമ്യ ഹർജിയിൽ നവീൻ ബാബുവിന്റെ കുടുംബം കക്ഷിചേരും. നാളെ തന്നെ നടപടികൾ തുടങ്ങുമെന്നും കണ്ണൂർ കളക്ടറുടെ കത്തിൽ തൃപ്തരല്ലെന്നും കുടുംബം അറിയിച്ചു.
നവീന്‍ ബാബുവിനെതിരെ ജാമ്യാപേക്ഷയിലും പി പി ദിവ്യ ആരോപണം ഉന്നയിക്കുന്നുണ്ട്. ഫയലുകള്‍ വൈകിപ്പിച്ചെന്ന ആരോപണം നവീനെതിരെ നേരത്തെയും ഉണ്ടെന്നും ഗംഗാധരന്‍ എന്ന വ്യക്തിയും പരാതി പറഞ്ഞിരുന്നു എന്നും ദിവ്യ ആവര്‍ത്തിക്കുന്നു.
അതേസമയം നവീൻ ബാബുവിന്റെ മരണത്തിലെ കണ്ണൂർ കളക്ടർ അരുൺ കെ വിജയന്റെ അനുശോചന വാക്കുകൾ ആവശ്യമില്ലെന്ന് നവീൻ ബാബുവിന്റെ കുടുംബം വ്യക്തമാക്കി. സബ് കളക്ടറുടെ കൈവശം മുദ്രവച്ച കവറിൽ കൊടുത്തുവിട്ട കത്തിൽ പറയുന്ന കാര്യങ്ങൾ അംഗീകരിക്കാനാകില്ലെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞതായി ജോയിൻ്റ് കൗൺസിൽ പത്തനംതിട്ട ജില്ലാ സെക്രട്ടറി ജി അഖിൽ പറഞ്ഞു

