Monday, December 22, 2025

നവീന്‍ ബാബുവിന്റെ മരണം !പി.പി ദിവ്യയ്ക്ക് ജാമ്യം ലഭിക്കാന്‍ കാരണം പ്രോസിക്യൂഷന്റെ പരാജയമെന്ന് രമേശ് ചെന്നിത്തല

എഡിഎം നവീന്‍ബാബുവിന്റെ മരണത്തിൽ റിമാന്‍ഡില്‍ കഴിയുന്ന ജില്ലാ പഞ്ചായത്ത് മുന്‍ അദ്ധ്യക്ഷയും സിപിഎം നേതാവുമായ പി.പി ദിവ്യയ്ക്ക് ജാമ്യം ലഭിക്കാന്‍ കാരണം പ്രോസിക്യൂഷന്റെ പരാജയമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വ്യക്തമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതാകാം ദിവ്യയുടെ ജാമ്യത്തില്‍ കലാശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ല വിടാന്‍ പാടില്ല, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നീ ഉപാധികളിലാണ് ജാമ്യം.

ചൊവ്വാഴ്ച വാദംകേട്ട കോടതി വിധിപറയാന്‍ മാറ്റുകയായിരുന്നു. കളക്ടറോട് നവീന്‍ബാബു കുറ്റസമ്മതം നടത്തിയെന്ന വാദമായിരുന്നു പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചത്. ദിവ്യ അന്വേഷണസംഘവുമായി സഹകരിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരായി, കൈക്കൂലി നല്‍കിയതിന് ശാസ്ത്രീയ തെളിവ് നല്‍കി, യാത്രയയപ്പ് ദൃശ്യം ദിവ്യ കൈമാറിയിട്ടില്ല തുടങ്ങിയ കാര്യങ്ങളും പ്രതിഭാഗം ചൂണ്ടിക്കാട്ടി. ഇതിനൊപ്പം സ്ത്രീയാണെന്നും ഭരണാധികാരിയായിരുന്നുവെന്നും പത്താംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ അമ്മയാണെന്നും ജാമ്യഹര്‍ജിയുടെ വാദത്തിനിടെ പ്രതിഭാഗം വാദിച്ചിരുന്നു.

ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ലെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ജാമ്യം അനുവദിക്കരുതെന്ന് നവീന്‍ബാബുവിന്റെ കുടുംബവും ആവശ്യപ്പെട്ടു. എന്നാല്‍, അന്വേഷണത്തിന്റെ ഏതുഘട്ടത്തിലും സഹകരിക്കുമെന്നായിരുന്നു ദിവ്യയുടെ അഭിഭാഷകന്റെ വാദം.

Related Articles

Latest Articles