തിരുവനന്തപുരം : നവീൻ ബാബുവിന്റെ ആത്മഹത്യയിൽ കൂടുതൽ പേർക്കെതിരെ നടപടി എടുത്തേക്കുമെന്ന് സൂചന. ഈ സംഭവത്തിൽ ജനരോഷം കടുത്തതിനെ തുടർന്ന് മുഖം രക്ഷിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകാനാണ് സർക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി കണ്ണൂർ ജില്ലാകളക്ടർ അരുൺ കെ വിജയനെ സ്ഥാനത്തുനിന്ന് നീക്കിയേക്കുമെന്നാണ് സൂചന
ഈ വിഷയത്തിൽ റവന്യൂവകുപ്പിന്റെ അന്വേഷണ ഉത്തരവ് ഇന്നുണ്ടായേക്കും.അന്വേഷണ പരിധിയിൽ കളക്ടർ അരുൺ കെ വിജയനും പെടും. റവന്യൂമന്ത്രി കെ രാജൻ ഇന്നലെ നവീൻ ബാബുവിന് ക്ളീൻ ചിറ്റ് നൽകിയിരുന്നു . കണ്ണൂർ ജില്ലാ കളക്ടർക്കെതിരെ ആരെങ്കിലും പരാതി നൽകിയാൽ അന്വേഷിക്കും എന്നും അദ്ദേഹം പറഞ്ഞിരുന്നു. സിപിഎം നേതാവായിരുന്ന മലയാലപ്പുഴ മോഹനൻ നവീൻ ബാബുവിന്റെ മരണത്തിൽ കളക്ടറുടെ പങ്ക് സംശയിക്കുന്ന രീതിയിൽ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്ന് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ തന്റെ ഭാഗം ന്യായീകരിച്ചു കൊണ്ട് നവീൻ ബാബുവിന്റെ കുടുംബത്തിന് കത്തയക്കുകയും ചെയ്തു.

