നാഗർകോവിൽ: തിരുവനന്തപുരത്തു നടക്കുന്ന നവരാത്രി പൂജയ്ക്കായി പത്മനാഭപുരം കൊട്ടാരത്തിൽ നിന്ന് അനന്തപുരിയിലേക്കുള്ള നവരാത്രി വിഗ്രഹ ഘോഷയാത്ര നാളെ തുടങ്ങും. പത്മനാഭപുരം തേവാരക്കെട്ട് സരസ്വതി ദേവി, വേളിമല കുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നീ വിഗ്രഹങ്ങളാണ് എഴുന്നള്ളിക്കുന്നത്. രാവിലെ 7:30നും 8നും മധ്യേ കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ ഉടവാൾ കൈമാറ്റ ചടങ്ങ് നടക്കും. തുടർന്നാണ് വിഗ്രഹ ഘോഷയാത്ര ആരംഭിക്കുന്നത്.
ഘോഷയാത്രയിൽ കൊണ്ടുപോകാനായി ഇന്ന് രാവിലെ ശുചീന്ദ്രത്തെ ക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളിക്കുന്ന മുന്നൂറ്റി നങ്ക ദേവി വിഗ്രഹം സന്ധ്യയോടെ കൽക്കുളം നീലകണ്ഠസ്വാമി ക്ഷേത്രത്തിൽ എത്തിച്ചേരും. പുലർച്ചെ നാലുമണിയോടെ കുമാരകോവിൽ നിന്ന് കുമാരസ്വാമി പത്മനാഭപുരത്തേക്ക് എഴുന്നള്ളിക്കും. പത്മനാഭപുരം കൊട്ടാരത്തിലെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷമാണ് മൂന്ന് വിഗ്രഹങ്ങളും ഘോഷയാത്രയായി പുറപ്പെടുന്നത്.
നാളെ രാവിലെ പുറപ്പെടുന്ന വിഗ്രഹഘോഷയാത്ര രാത്രി കുഴിത്തുറ മഹാദേവ ക്ഷേത്രത്തിലും 2ന് രാത്രി നെയ്യാറ്റിൻകര ശ്രീകൃഷ്ണ ക്ഷേത്രത്തിലും വിശ്രമിക്കും. 3ന് വൈകിട്ടോടെ കരമനയിലെത്തും. സരസ്വതി ദേവിയെ കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിലും കുമാര സ്വാമിയെ ആര്യശാല ദേവി ക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ഭഗവതി ക്ഷേത്രത്തിലും പൂജയ്ക്കിരുത്തും. 4ന് ആരംഭിക്കുന്ന നവരാത്രി പൂജ 13ന് സമാപിക്കും. ഒരു ദിവസത്തെ നല്ലിരുപ്പിനുശേഷം 15ന് ആരംഭിക്കുന്ന വിഗ്രഹങ്ങളുടെ മടക്കയാത്ര 17ന് പത്മനാഭപുരത്ത് എത്തിച്ചേരും.

