ഗോവൻ തീരത്തിന് സമീപം ഇന്ത്യൻ മത്സ്യബന്ധന ബോട്ടും നാവികസേനയുടെ അന്തർവാഹിനിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേരെ കാണാതായി. 13 മത്സ്യത്തൊഴിലാളികളാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇവരിൽ 11 പേരെ രക്ഷപ്പെടുത്തി. ആറ് കപ്പലും വിമാനങ്ങളും ഉപയോഗിച്ച് കാണാതായവർക്കായി പ്രദേശത്ത് നാവികസേന വ്യാപകമായ തെരച്ചിൽ തുടരുകയാണ്. ഗോവൻ തീരത്തുനിന്ന് 70 നോട്ടിക്കൽ മൈൽ അകലെ, മാർത്തോമ എന്ന ബോട്ടും സ്കോർപീൻ ക്ലാസ് അന്തർവാഹിനിയും തമ്മിലാണ് കൂട്ടിയിടിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
‘കാണാതായവർക്കുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. മുംബൈ മാരിടൈം റെസ്ക്യൂ കോ ഓർഡിനേഷൻ സെൻഡറുമായി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചുണ്ട്. കോസ്റ്റ് ഗാർഡിന്റെ ഉൾപ്പടെ കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തി. അപകടത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്’, അധികൃതർ അറിയിച്ചു.

