കൊച്ചി : മന്ത്രി എ.കെ.ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റാൻ എൻസിപിയിൽ ധാരണയായതായി റിപ്പോർട്ട്. പകരക്കാരനായി കുട്ടനാട് എം.എൽ.എ. തോമസ് കെ. തോമസ് മന്ത്രിസഭയിലെത്തുമെന്നാണ് വിവരം. വർഷങ്ങളായി ഒരാൾ തന്നെ പദവിയിൽ തുടരേണ്ടതില്ല എന്നാണ് പാർട്ടി തീരുമാനം. അതെ സമയം മന്ത്രിസ്ഥാനം ഒഴിയാൻ എ.കെ.ശശീന്ദ്രൻ ഒരുക്കമല്ലെന്നും മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയാൽ എംഎൽഎ സ്ഥാനം രാജി വയ്ക്കുമെന്ന് ഭീഷണി മുഴക്കിയതായും റിപ്പോർട്ടുണ്ട്. വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കാനായി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ സെപ്റ്റംബര്‍ അഞ്ചിന് എ.കെ.ശശീന്ദ്രനുമായും തോമസ് കെ.തോമസുമായും ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
പി.സി. ചാക്കോ ഉൾപ്പെടെയുള്ളവർ തീരുമാനത്തെ അനുകൂലിച്ചതായി എൻ.സി.പി. വൃത്തങ്ങൾ അറിയിച്ചു. ഇതു സംബന്ധിച്ച് പാർട്ടിയിൽ ചർച്ച നടന്നിരുന്നു. ദേശീയ നേതൃത്വത്തെ വിവരമറിയിച്ചതായും അന്തിമ തീരുമാനത്തിന് കാക്കുകയാണെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു. എൻസിപിയിലെ രണ്ട് എംഎൽഎമാരും രണ്ടരവർഷംവീതം മന്ത്രിസ്ഥാനം പങ്കിടണമെന്ന് 2021-ലെ തെരഞ്ഞെടുപ്പിനുശേഷം തോമസ് കെ. തോമസ് ആവശ്യപ്പെട്ടെങ്കിലും ഇത് നടപ്പിലായിരുന്നില്ല. അതിനിടെ, കോൺഗ്രസിൽനിന്നു പി.സി. ചാക്കോയെത്തി എൻസിപി. സംസ്ഥാന പ്രസിഡന്റായി. മന്ത്രിസ്ഥാനം പങ്കുവെക്കുന്നതിനെക്കുറിച്ച് കരാറൊന്നുമില്ലെന്നായിരുന്നു നേരത്തെ ചാക്കോയുടെ നിലപാട്. എന്നാൽ, ഇക്കാര്യത്തിൽ തോമസ് കെ തോമസ് അസംതൃപ്തനായിരുന്നു.
അതേസമയം വിഷയവുമായി സംബന്ധിച്ച മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു മന്ത്രി എ കെ ശശീന്ദ്രന്റെ പ്രതികരണം.
“മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും നടന്നിട്ടില്ല. തന്നോട് ആരും ചര്‍ച്ച നടത്തിയിട്ടില്ല. കുറെ കാലമായി ഇത്തരത്തില്‍ വാര്‍ത്ത വരുന്നുണ്ട്. പാര്‍ട്ടിയില്‍ അങ്ങിനെ ഒരു ചര്‍ച്ചയും ഇല്ല”- എ കെ ശശീന്ദ്രൻ പറഞ്ഞു.

