പാലക്കാട്: മെട്രോമാൻ ഇ ശ്രീധരനെ സന്ദർശിച്ച് പാലക്കാട് എൻ ഡി എ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെ തെരഞ്ഞെടുപ്പ് പ്രചാരണം ഔപചാരികമായി ആരംഭിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇ ശ്രീധരനായിരുന്നു എൻ ഡി എ സ്ഥാനാർത്ഥി. ശക്തമായ മത്സരം കാഴ്ചവെച്ച ഇ ശ്രീധരൻ ഇടത് വലത് മുന്നണികളെ വിറപ്പിച്ചിരുന്നു. മൂവായിരത്തില്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യു ഡി എഫ് സ്ഥാനാർത്ഥി അന്ന് കടന്നുകൂടിയത്. അന്നത്തെ പോരായ്മകൾ പരിഹരിച്ച് മണ്ഡലം പിടിച്ചെടുക്കാനുള്ള പ്രവർത്തനങ്ങൾ ബിജെപി വളരെ നേരത്തെ ആരംഭിച്ചിരുന്നു. ഇ ശ്രീധരന്റെ പരാജയം കാരണം പാലക്കാടിന് ഒരു വികസന പാക്കേജാണ് നഷ്ടമായതെന്നും. ഇത്തവണ വിജയിച്ച് ആ പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നും സി കൃഷ്‌ണകുമാർ പറഞ്ഞു. ഇന്ന് ഗംഭീര ബൈക്ക് റാലിയോടെയാണ് സി കൃഷ്ണകുമാറിന്റെ പ്രചാരണങ്ങൾക്ക് തുടക്കം കുറിക്കുക.
രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് ത്രികോണമത്സരം നടക്കുന്ന പാലക്കാടിനെയാണ്. ഇന്നലെയാണ് എൻ ഡി എ ഔദ്യോഗികമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. പരേതരായ സി.കൃഷ്ണനുണ്ണിയുടെയും ലീലാകൃഷ്ണന്റെയും മകന്‍. പാലക്കാട് മോയന്‍ എല്‍പിഎസ്, പിഎംജിഎച്ച്എസ്, വിക്ടോറിയ കോളേജ് എന്നിവടങ്ങളില്‍ വിദ്യാഭ്യാസം, ബികോം ബിരുദധാരി, കമ്പ്യൂട്ടര്‍ സോഫ്ട്‍വെയറിൽ പിജി ഡിപ്ലോമ.
1984ല്‍ ആര്‍എസ്എസ് ശാഖയിലൂടെ എബിവിപി പ്രവര്‍ത്തനത്തിലേക്ക്. എബിവിപി വിക്ടോറിയ കോളേജ് യൂണിറ്റ് സെക്രട്ടറി, പാലക്കാട് നഗര പരിഷത്ത് കണ്‍വീനര്‍, ജില്ലാ കണ്‍വീനര്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ് എന്നീ ചുമതലകളില്‍ പ്രവർത്തിച്ചു.
ദേശീയ സമിതിയംഗം, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി, ബിജെപി ജില്ലാ പ്രസിഡന്റ് (2009 മുതല്‍ 2015 വരെ),2016 മുതല്‍ 2019 വരെ ബിജെപി സംസ്ഥാന സെക്രട്ടറി,2019 മുതല്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് അദ്ദേഹം. നാഷണല്‍ യുവ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പാലക്കാട് പ്രസിഡന്റ്, നെഹ്റു യുവകേന്ദ്ര ജില്ലാ പ്രതിനിധി, ദക്ഷിണ റെയില്‍വെ യൂസേഴ്സ് കണ്‍സള്‍റ്റേറ്റീവ് കമ്മിറ്റി മെമ്പര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

