പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ ചേർന്ന എൻഡിഎ യോഗം അവസാനിച്ചു.യോഗത്തിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്രമോദിയുടെ പേര് അംഗീകരിച്ചു. മുന്നണിയിലെ എല്ലാ കക്ഷികളും പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്രമോദിയുടെ പേരാണ് മുന്നോട്ട് വച്ചത്. നേതാക്കൾ ഇന്ന് തന്നെ രാഷ്ട്രപതിയെ കാണും എന്നാണ് വിവരം. നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും എൻഡിഎ മുന്നണിക്ക് അനുകൂലമായി പിന്തുണക്കത്ത് നൽകിയിട്ടുണ്ട്.
മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വരുന്ന ശനിയാഴ്ചയാകും നടക്കുക. എൻഡിഎ സഖ്യത്തോടൊപ്പം നിന്ന് മോദി പ്രഭാവത്തിന്റെ ബലത്തിൽ വൻ വിജയം നേടിയ ബീഹാറിലെ ജെഡിയുവിനെയും ആന്ധ്രാപ്രദേശിലെ ടിഡിപിയെയും വലവീശി പിടിക്കാൻ ഇൻഡി മുന്നണി ശ്രമിക്കുന്നുവെന്ന റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പിനെ നേരിടാൻ ഒപ്പമുണ്ടായിരുന്ന എന്‍ഡിഎക്കൊപ്പമാകും ഇനിയുള്ള യാത്രയെന്ന് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു വ്യക്തമാക്കിയിരുന്നു. എന്നാൽ നിതീഷ് കുമാര്‍ സര്‍ക്കാര്‍ രൂപീകരിക്കുക തന്നെ ചെയ്യും എന്നുമാത്രമാണ് പറഞ്ഞത്. എന്നാല്‍ ആരുടെ സര്‍ക്കാര്‍ എന്നു വ്യക്തമാക്കിയിരുന്നില്ല. എന്നാൽ ഇന്ന് ബിജെപിക്ക് അനുകൂലമായി പിന്തുണക്കത്ത് നൽകിയതോടെ നിതീഷ് കുമാറുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി.
നേരത്തെ രാഷ്ട്രപതി ദ്രൗപതി മുർമുവിന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജിക്കത്ത് കൈമാറിയിരുന്നു . പുതിയ സർക്കാർ ചുമതലയേൽക്കുന്നത് വരെ കാവൽ പ്രധാനമന്ത്രിയായി തുടരാൻ അദ്ദേഹത്തോട് രാഷ്‌ട്രപതി നിർദേശിച്ചു.

