കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഘം ആവശ്യപ്പെട്ട പണം നൽകാൻ അനുവദിച്ച സമയം അവസാനിക്കാൻ ഇനി ഏതാനും നിമിഷങ്ങൾ മാത്രം. കുട്ടി സുരക്ഷിതയാണെന്നും 10ലക്ഷം രൂപ തന്നാൽ രാവിലെ 10മണിക്ക് കുട്ടിയെ വീട്ടിലെത്തിക്കാമെന്നുമാണ് തട്ടിക്കൊണ്ടുപോയ സംഘത്തിലെ യുവതി കുട്ടിയുടെ ബന്ധുവിനോട് ഫോണിൽ പറഞ്ഞത്. വിവരം പോലീസിന് കൈമാറരുതെന്നും ബോസ് പറയുന്നതുപോലെ ചെയ്യണമെന്നും യുവതി പറഞ്ഞിരുന്നു.
‘നിങ്ങളുടെ കുട്ടി സുരക്ഷിതയാണ്. 10 ലക്ഷം രൂപ തയ്യാറാക്കി വെക്കണം. രാവിലെ കുട്ടിയെ വീട്ടിലെത്തിക്കാം. ബോസ് പറയുന്നത് പോലെ ചെയ്യണം. ഈ നമ്പറിലേക്ക് വിളിക്കരുത്. വിളിച്ച വിവരം പോലീസിൽ അറിയിക്കരുത്’ എന്നാണ് യുവതി പറഞ്ഞത്.
അതേസമയം, ആറ് വയസുകാരി അബിഗേൽ സാറയെ കാണാതായിട്ട് 16 മണിക്കൂർ പിന്നിടുന്നു. കുട്ടി എവിടെയാണെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ഐജി സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു. ചില സൂചനകള്‍ കിട്ടിയിട്ടുണ്ട്. അത് സംബന്ധിച്ച അന്വേഷണം നടക്കുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനും സൈബര്‍ പരിശോധനകള്‍ക്കുമെല്ലാമായി വിവിധ സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. എത്രയും വേഗം കുട്ടിയെ കണ്ടുപിടിക്കാനാണ് ശ്രമം. കുട്ടിയെ തട്ടിക്കൊണ്ടുപോയ വെള്ളക്കാറിന്‍റെ നമ്പര്‍ വ്യാജമാണെന്നും സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു.

