Saturday, December 20, 2025

നീറ്റ്, യുജിസി നെറ്റ് ചോദ്യപേപ്പറുകൾ ചോർച്ച ! കർശന നടപടിയുമായി കേന്ദ്രസർക്കാർ; സുതാര്യത ഉറപ്പ് വരുത്തുന്നതിനും ക്രമക്കേടുകൾ ഒഴിവാക്കുന്നതിനുമായി ഉന്നതതല സമിതിയെ നിയോഗിച്ചു

നീറ്റ്, യുജിസി നെറ്റ് ചോദ്യപേപ്പറുകൾ ചോർന്നതിന് പിന്നാലെ വിഷയത്തിൽ കർശന നടപടിയുമായി കേന്ദ്രസർക്കാർ. പരീക്ഷകളുടെ നടത്തിപ്പിൽ സുതാര്യത ഉറപ്പ് വരുത്തുന്നതിനും ക്രമക്കേടുകൾ ഒഴിവാക്കുന്നതിനുമായി ഉന്നതതല സമിതിയെ നിയോഗിച്ചു. മുൻ ഐഎസ്ആർഒ ചെയർമാൻ ഡോക്ടർ കെ രാധാകൃഷ്ണൻ അദ്ധ്യക്ഷനായ സമിതി പരീക്ഷാ നടത്തിപ്പിൽ ആവശ്യമായ പരിഷ്കരണങ്ങൾ, സുരക്ഷാ ക്രമീകരണങ്ങളിലെ വിട്ടുവീഴ്ചയില്ലായ്മ, എൻടിഎയുടെ സുതാര്യമായ പ്രവർത്തനം എന്നിവ ഉറപ്പാക്കും. ഡോക്ടർ രൺദീപ് ഗുലേറിയ, പ്രൊഫസർ ബി ജെ റാവു, പ്രൊഫസർ രാമമൂർത്തി കെ, പങ്കജ് ബൻസാൽ, ആദിത്യ മിത്തൽ, ഗോവിന്ദ് ജയ്സ്വാൾ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

നിലവിലെ വിവാദ വിഷയങ്ങളിൽ രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് കേന്ദ്രസർക്കാർ സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പരീക്ഷാ നടത്തിപ്പിൽ ആദ്യാവസാനം സമിതിയുടെ മേൽനോട്ടമുണ്ടാകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. നിലവിലെ വിവാദ വിഷയങ്ങളിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥർ ആരായിരുന്നാലും അവർക്കെതിരെ മുഖം നോക്കാതെ കർശന നടപടി ഉറപ്പായിരിക്കുമെന്നും അദ്ദേഹം ആവർത്തിച്ചു.

Related Articles

Latest Articles