പാലക്കാട് : നെന്മാറ ഇരട്ട കൊലപാതകത്തിലെ പോലീസ് അനാസ്ഥയിൽ നടപടി. എസ്എച്ച്ഒയ്ക്ക് വീഴ്ച പറ്റിയെന്ന് എസ്പിയുടെ റിപ്പോർട്ടിന് പിന്നാലെയാണ് വകുപ്പ് തല നടപടിയുണ്ടായിരിക്കുന്നത്. എസ്എച്ച്ഒ മഹേന്ദ്ര സിംഹനെ സസ്പെൻഡ് ചെയ്തു. ചെന്താമര ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടും കൃത്യമായ നടപടി സ്വീകരിക്കുന്നതിൽ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.
കൊലപാതകക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചു കൊണ്ടിരുന്ന ചെന്താമര ജാമ്യത്തിലാണ് പുറത്തിറങ്ങിയത്.എന്നാൽ ഇയാൾ ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടും കോടതിയെ അറിയിച്ചില്ലെന്നും ഇയാൾ ഒരു മാസം നെന്മാറയിൽ താമസിച്ചുവെന്നും പാലക്കാട് എസ്പി അജിത്കുമാറിന്റെ റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. എഡിജിപി മനോജ് എബ്രഹാമിന് റിപ്പോർട്ട് കൈമാറിയെന്നാണ് വിവരം. നെന്മാറ പോലീസ് പഞ്ചായത്ത് പരിധിയിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ച് ചെന്താമര പോത്തുണ്ടിയിലെ വീട്ടിലെത്തിയ വിവരമറിയിച്ചിട്ടും പോലീസ് അവഗണിക്കുകയാണ് ചെയ്തതെന്ന് പ്രദേശവാസികളും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും പ്രദേശവാസികളും ആരോപിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് സുധാകരനെയും അമ്മ ലക്ഷ്മിയേയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തി ജയിലിൽപോയ ചെന്താമര ജാമ്യത്തിലിറങ്ങിയായിരുന്നു കൃത്യം നടപ്പാക്കിയത്. ചെന്താമരയുടെ ഭാര്യ അയാളുമായി പിരിയാൻ കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കേസിൽ അടുത്ത മാസം വിചാരണ തുടങ്ങാനിരിക്കേയാണു പ്രതി ചെന്താമര വിയ്യൂർ ജയിലിൽ നിന്ന് ഇടക്കാല ജാമ്യത്തിൽ ഇറങ്ങിയത്.

