നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര ഒടുവിൽ പോലീസ് പിടിയിൽ. പോത്തുണ്ടി മട്ടായി മേഖലയിൽ നിന്നാണ് ഇയാൾ പിടിയിലായത്.വിഷം കഴിച്ചോയെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിൽ ആശുപത്രിയിലേക്ക് മാറ്റിയശേഷം ഇയാളെ നെന്മാറ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ചെന്താമര പിടിയിലായതറിഞ്ഞ് ഇരച്ചെത്തിയ നാട്ടുകാരെ പോലീസ് ഇവിടെ നിന്നും ബലംപ്രയോഗിച്ച് പുറത്തിറക്കി.
ഇന്ന് തെരച്ചിൽ അവസാനിപ്പിച്ച് മടങ്ങിയ ശേഷമാണ് പിടിയിലായത്. പോലീസ് പിൻവാങ്ങിയെന്ന പ്രതീതി ഉണ്ടാക്കിയ ശേഷം പലയിടത്തായി രണ്ട് വീതം പോലീസുകാരെ വിന്യസിച്ചിരുന്നു.പുറത്തിറങ്ങിയ ഇയാൾ വിശപ്പ് മാറ്റാനായി വീട്ടിലേക്ക് നടക്കവേ പൊലീസിൻ്റെ വലയിലാവുകയായിരുന്നു.
പോത്തുണ്ടി മലയിൽ നിന്നും രണ്ട് വഴികളാണ് ഉണ്ടായിരുന്നത്. ഒന്ന് മംഗലം ഡാമിലേക്കും മറ്റൊന്ന് ഇയാളുടെ വീടിൻ്റെ പിൻവശത്തേക്കുമുള്ളതായിരുന്നു. വീട്ടിലേക്കുള്ള വഴിയിലൂടെയാണ് ഇയാൾ നടന്നുവന്നത്. ഒളിച്ചിരുന്ന പോലീസുകാർ ഇയാളെ പിടികൂടുകയായിരുന്നു

