പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമര പോത്തുണ്ടി മലയിൽ ഒളിച്ചിരുന്നത് 35 മണിക്കൂറെന്ന് പോലീസ്. അന്യസംസ്ഥാനങ്ങളിൽ ഉൾപ്പെടെ പലയിടങ്ങളിലും ചെന്താമരയെ കണ്ടതായി വിവരങ്ങളുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം വിശദമായി പരിശോധിച്ച പോലീസ് ചെന്താമര നാട്ടിൽത്തന്നെയുണ്ടെന്ന നിഗമനത്തിലായിരുന്നു. വിശപ്പ് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ ഇയാൾ താഴേയ്ക്ക് ഇറങ്ങിവന്നപ്പോൾ പിടികൂടുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. മലമുകളിൽ ഇരുന്ന് പോലീസിന്റെ തെരച്ചിൽ നിരീക്ഷിച്ചു. വൈകുന്നേരം തെരച്ചിൽ അവസാനിച്ചെന്ന് ബോധ്യമായതോടെയാണ് താഴേയ്ക്ക് ഇറങ്ങിവന്നത്. എന്നാൽ പോലീസ് തെരച്ചിൽ അവസാനിപ്പിച്ചിരുന്നില്ല. മലമുകളിൽ നിന്ന് താഴേയ്ക്ക് ഇറങ്ങുവരുന്ന മൂന്ന് വഴികളിലും പോലീസ് മഫ്റ്റിയിൽ തുടരുകയായിരുന്നു.
കൊലപാതകം ആസൂത്രിതമായിരുന്നുവെന്ന് എസ് പി അറിയിച്ചു. ഭാര്യ പിണങ്ങിപ്പോയതിന് കാരണം കൊല്ലപ്പെട്ട സുധാകരന്റെ കുടുംബമാണെന്ന് ഇയാൾ ഉറച്ചു വിശ്വസിച്ചിരുന്നു. ആയുധം ഉണ്ടാക്കിവച്ച് തയ്യാറെടുപ്പുകൾ നടത്തിയിരുന്നതായി പോലീസ് പറയുന്നു. മൂന്നുപേരെ കൂടെ കൊല്ലാൻ പദ്ധതിയിട്ടിരുന്നു. ചെന്താമരയുടെ ഭാര്യയെയും മകളെയും ഒരു പോലീസ് ഉദ്യോഗസ്ഥനെയും കൊല്ലാൻ ഇയാൾക്ക് പദ്ധതി ഉണ്ടായിരുന്നതായി ചോദ്യം ചെയ്യലിൽ നിന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യയായ സജിതയുടെ കൊലപാതകം അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനെയാണ് ഇയാൾ നോട്ടമിട്ടിരുന്നത്.
അറസ്റ്റിലായയുടൻ ചിക്കനും ചോറും കിട്ടുമോ എന്നാണ് പ്രതി പോലീസിനോട് ചോദിച്ചത്. എന്നാൽ മൊഴിയെടുത്തതിന് ശേഷം ഭക്ഷണം നൽകാമെന്നായിരുന്നു പോലീസ് നിലപാട്. ചോദ്യം ചെയ്യലിന് ശേഷം പ്രതിക്ക് പോലീസ് ഭക്ഷണം വാങ്ങി നൽകി. പ്രതിയെ ഉടൻ റിമാൻഡ് ചെയ്യുമെന്നും രണ്ടു ദിവസങ്ങൾക്ക് ശേഷം കസ്റ്റഡിയിൽ വാങ്ങുമെന്നും പോലീസ് അറിയിച്ചു. കുറ്റകൃത്യം നടന്നസ്ഥലത്ത് പ്രതിയെ എത്തിച്ച് തെളിവെടുക്കേണ്ടതുണ്ട്. എന്നാൽ വീടിന് സമീപത്ത് തന്നെ ഒളിച്ചിരുന്നിട്ടും പ്രതിയെ പിടിക്കാൻ വൈകിയതിൽ പോലീസ് വിമർശനം നേരിടുകയാണ്.

