ബലാത്സംഗ പരാതിയിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് വീണ്ടും കുരുക്ക്. ബംഗളൂരു സ്വദേശിയായ 23 കാരി കെപിസിസിക്ക് നൽകിയ പരാതി ഡിജിപിക്ക് കൈമാറി. കോൺഗ്രസ് നേതൃത്വത്തിന് ഇമെയിൽ മുഖേനയാണ് യുവതി പരാതി നൽകിയത്.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് യുവതി ഇമെയിൽ മുഖേന പരാതി അയക്കുന്നത്. പരാതി ലഭിച്ച വിവരം കോൺഗ്രസ് നേതൃത്വം സ്ഥിരീകരിച്ചു. പീഡനത്തിന് ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറിയെന്നും യുവതി ആരോപിക്കുന്നു. പാർട്ടി നേതൃത്വത്തിന് നേരത്തെ തന്നെ പെൺകുട്ടി പരാതി നൽകിയിരുന്നു. എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്ന് നേതൃത്വം അറിയിച്ചതിനെ തുടർന്ന് പെൺകുട്ടി വീണ്ടും പരാതി നൽകുകയായിരുന്നു.
പത്തനംതിട്ടയിൽ രാഹുലുമായി ഏറ്റവും അടുപ്പമുള്ള വ്യക്തിയേയും കുറിച്ച് പരാതിയിൽ പറയുന്നു. അയാളുടെ അറിവോട് കൂടിയാണ് പീഡനം നടന്നത്. സുഹൃത്തിൻ്റെ വീട്ടിൽ വെച്ചാണ് പീഡനം നടന്നത്. ഇതിന് ശേഷം മാനസികമായും ശാരീരികമായും തകർന്നു. ഗർഭിണിയാവണമെന്ന് രാഹുൽ ആവശ്യപ്പെട്ടതായും പെൺകുട്ടി പരാതിയിൽ പറയുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരേ നേരത്തേ മറ്റൊരു യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഈ കേസിൽ രാഹുല്‍ മാങ്കൂട്ടത്തിൽ ഒളിവിലാണ്. എംഎല്‍എയ്ക്കായി പ്രത്യേക അന്വേഷണസംഘം സംസ്ഥാനത്തിനകത്തും പുറത്തും വ്യാപകമായ തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും എംഎല്‍എയെ കണ്ടെത്താനായിട്ടില്ല. അതേസമയം, ബുധനാഴ്ച രാഹുലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി പരിഗണിക്കും

