ബംഗളൂരു: തീവ്രവാദക്കേസിൽ ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുന്ന തടിയന്റവിട നസീർ ഉൾപ്പെടെയുള്ള തടവുകാർക്ക് സഹായം നൽകിയ സംഭവത്തിൽ മൂന്നുപേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. കർണാടകയിലെ രണ്ട് ജില്ലകളിലായി നടത്തിയ തിരച്ചിലിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നുപേരെ അറസ്റ്റുചെയ്തത്.
ജയിൽ സൈക്കോളജിസ്റ്റും പോലീസുകാരനുമടക്കമാണ് അറസ്റ്റിലായത്. നസീറിന് ജയിലിലേക്ക് ഫോൺ ഒളിച്ചുകടത്തി എത്തിച്ചത് ജയിൽ സൈക്കോളജിസ്റ്റാണ്. പരപ്പന അഗ്രഹാര ജയിലിലെ സൈക്യാട്രിസ്റ്റ് ഡോ.നാഗരാജാണ് പിടിയിലായത്. സിറ്റി ആംഡ് റിസർവ് എഎസ്ഐ ചൻ പാഷയാണ് പിടിയിലായ പോലീസുകാരൻ. ഇവർ നസീറിനെ വിവിധ കോടതിയിലേക്ക് എത്തിക്കുന്നതിന് വിവരം കൈമാറി.
തീവ്രവാദ കേസുകളിൽ പ്രതിയായ ജുനൈദ് അഹമ്മദിന്റെ അമ്മ അനീസ് ഫാത്തിമയും അറസ്റ്റിലായിട്ടുണ്ട്. തടിയന്റവിട നസീറിന് പണവും വിവരങ്ങളും ജയിലിൽ എത്തിച്ചുനൽകി എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അനീസ് ഫാത്തിമയെ അറസ്റ്റ് ചെയ്‌തത്.
അറസ്റ്റിലായ പ്രതികളുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ വിവിധ ഡിജിറ്റൽ ഉപകരണങ്ങൾ, പണം, സ്വർണം, രേഖകൾ എന്നിവ പിടിച്ചെടുത്തു.

