Monday, December 22, 2025

അവയവക്കടത്ത് കേസ് എൻ ഐ എ ഏറ്റെടുത്തേക്കും! സംഘത്തിലെ പ്രധാനി ഹൈദരാബാദിലെ ഒരു ഡോക്ടർ എന്ന് സൂചന, സബിത്ത് നാസറിന്റെ മൊഴിയിൽ നിർണ്ണായക വിവരങ്ങൾ!

അവയവക്കടത്ത് സംഘത്തിലെ പ്രധാനി ഹൈദരാബാദിലെ ഒരു ഡോക്ടറാണെന്ന് പിടിയിലായ പ്രതി സബിത്ത് നാസറിന്റെ മൊഴി. ഇന്ത്യയിൽ പല ഏജന്റുമാരെയും നിയന്ത്രിക്കുന്നത് ഹൈദരാബാദിലെ ഡോക്ടർ ആണെന്നാണ് സബിത്ത് മൊഴി നൽകിയിരിക്കുന്നത്. താൻ ആ ഡോക്ടറെ കണ്ടിട്ടില്ലെന്നും പ്രതി പറയുന്നു. എന്നാൽ സബിത്തിന്റെ മൊഴി അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല.

സബിത്തിന് നിലവിൽ നാല് ബാങ്ക് അക്കൗണ്ട് ഉണ്ട്. വ്യത്യസ്ത വിലാസങ്ങളിലായാണ് തൃശ്ശൂരിൽ നാല് ബാങ്ക് അക്കൗണ്ട് എടുത്തിരുന്നത്. സുഹൃത്തുക്കൾ വഴിയാണ് അവയവക്കച്ചവടത്തിന്റെ പണം സബിത്തിലേക്ക് എത്തിയിരുന്നത്. ഇവരെയും കസ്റ്റഡിയിലെടുക്കാനാണ് പോലീസിന്റെ തീരുമാനം. എന്നാൽ, സബിത്തിനെ കസ്റ്റഡിയിൽ ലഭിച്ച ശേഷമായിരിക്കും സുഹൃത്തുക്കളെ കസ്റ്റഡിയിലെടുക്കുക. ഇവരെ ഇപ്പോൾ പോലീസ് നിരീക്ഷിച്ച് വരികയാണ്.

അതേസമയം, പ്രതിയിൽ നിന്നും നാല് പാസ്പോർട്ട് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ കസ്റ്റഡി അപേക്ഷയിൽ ഇന്ന് കോടതി വിധി പറയും. കേസ് എൻഐഎ ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. കേസിനായി എറണാകുളം റൂറൽ എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. കൂടാതെ, അവയവം നഷ്ടമായവരെ കണ്ടെത്താനും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles