ദില്ലി : കുപ്രസിദ്ധ അധോലോകനേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോള്‍ ബിഷ്‌ണോയിയുടെ പേരും പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ചേര്‍ത്ത് ദേശീയ അന്വേഷണ ഏജൻസി. അന്‍മോള്‍ ബിഷ്‌ണോയിയെ പിടികൂടുകയോ വിവരങ്ങളോ തരുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഏപ്രില്‍ മാസത്തില്‍ സല്‍മാന്‍ ഖാന്റെ മുംബൈയിലെ വസതിക്ക് നേരെയുണ്ടായ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് അന്‍മോളിനായി തെരച്ചിൽ നടക്കുകയാണ്. ലോറൻസ് ബിഷ്‌ണോയി അഴിക്കുള്ളിലാണെങ്കിലും ഇയാളുടെ സംഘം പുറത്ത് സജീവമാക്കുന്നത് അന്‍മോൾ ബിഷണോയിയാണെന്നാണ് വിവരം.മഹാരാഷ്ട്ര മുന്‍മന്ത്രിയും എന്‍സിപി. നേതാവുമായ ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസിലും അന്‍മോള്‍ ബിഷ്‌ണോയിക്ക് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അന്‍മോള്‍ ബിഷ്ണോയി നിലവില്‍ കാനഡയില്‍ ഒളിവിലാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. പഞ്ചാബി ഗായകന്‍ സിദ്ദു മൂസ്വാവാലയെ കൊലപ്പെടുത്തിയ കേസ് ഉള്‍പ്പെടെ 18-ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. 2021-ല്‍ ജോധ്പുര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ അന്‍മോള്‍ കാനഡയിലേക്ക് കടന്നതായാണ് സൂചന.

