നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ കോൺഗ്രസിനെ വെള്ളം കുടിപ്പിച്ച് പിവി അൻവർ. ആര്യാടൻ ഷൗക്കത്തിനെ മത്സരിപ്പിക്കാനാകില്ലെന്ന് എ പി അനിൽകുമാറുമായുള്ള ചർച്ചയിലും അൻവർ ആവർത്തിക്കുകയായിരുന്നു. ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്ന നിലപാടിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ടായിരുന്നു കോൺഗ്രസിന്റെ തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള എപി അനിൽകുമാർ അൻവറുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാൽ വി എസ് ജോയിയെ തന്നെ മത്സരിപ്പിക്കണം എന്ന ശാഠ്യത്തിൽ നിന്നും പിന്മാറാൻ അൻവർ തയ്യാറാകാതിരുന്നതോടെ ചർച്ച പരാജയപ്പെടുകയായിരുന്നു.
ആര്യാടൻ ഷൗക്കത്ത് മത്സരിച്ചാൽ അൻവർ തന്നെ തോൽപ്പിക്കുമെന്ന ഭയം കോൺഗ്രസ് നേതാക്കൾക്ക് ഇതിനോടകം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസം ആര്യാടൻ ഷൗക്കത്ത് അൻവറിനെ അനുനയിപ്പിക്കാനായി വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നിട്ടും അൻവർ വഴങ്ങിയില്ല. ഇതോടെ കോൺഗ്രസിലെ സ്ഥാനാർഥിനിർണയം വഴിമുട്ടുകയായിരുന്നു. ആരാടൻ ഷൗക്കത്തിനുവേണ്ടി മുസ്ലിം ലീഗിലും നീക്കം നടക്കുന്നുണ്ട്. ഏറനാട് എംഎൽഎ പികെ ബഷീർ ഷൗക്കത്തിനുവേണ്ടി കോൺഗ്രസുകാരും ആയി ചർച്ച നടത്തിയതായാണ് സൂചന. ലീഗ് ഇത്തരത്തിൽ ഇടപെട്ടതിൽ കോൺഗ്രസിനുള്ളിൽ എതിർപ്പുണ്ട്.

